Skip to main content

Stories

ദയാവധം

പീറ്റർ അദ്ദേഹമൊരു അത്ഭുതജന്മമായിരുന്നു..മരിച്ചെന്നു കേട്ടിട്ടും ജീവിച്ചയാൾ...ദയവദത്തിന് നിർദേശിക്കപ്പെട്ടിട്ടും ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നയാൾ...
എന്നിട്ടെന്തുണ്ടായി...ഇന്നിതാ അദ്ദേഹം മരണപ്പെട്ടിരിക്കുന്നു..ശ്വാസകോശസംബന്ധമായ അസുഖം മൂലം മരണപ്പെട്ട പീറ്ററിന്റെ ശരീരത്തിനു തൊട്ടരികിലിരുന്നു അദ്ദേഹത്തിന്റെ മകൾ നെഞ്ചുപൊട്ടികരയുന്നു...
അച്ഛനെ ഇത്രയധികം സ്നേഹിച്ച ഒരു മകൾ ഉണ്ടാവില്ല.. അച്ഛനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു മകൾ....പീറ്റർ ഭാഗ്യവാനായിരുന്നു...
2014 ൽ ആയിരുന്നു പീറ്ററിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ കാറപകടം..അദ്ദേഹം അങ്ങനെയൊരു കാറപകടം മുൻകൂട്ടി കണ്ടിരുന്നു എന്ന് തോന്നും വിധത്തിലായിരുന്നു ആ മരണപത്രം എഴുതിവയ്ക്കപ്പെട്ടത്..പീറ്റർ പീറ്റർക്കുവേണ്ടി എഴുതിവച്ച മരണപത്രം..
''അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയുണ്ടാവുമ്പോൾ ദയാവധത്തിന്
അനുവദിക്കണം എന്നുപറഞ്ഞുകൊണ്ടുള്ള മരണപത്രം എല്ലാവരെയും അതിശയിപ്പിക്കുക തന്നെ ചെയ്തു.. കോമ സ്റ്റേജിലായ തന്റെ ഭർത്താവിന്റെ ദുരവസ്ഥകണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഓരോ നിമിഷവും നെഞ്ചുപൊട്ടികരഞ്ഞു.. ആ കരച്ചിലിന്റെ ആക്കം ഒന്നോ രണ്ടോ മാസത്തിനപ്പുറം നീണ്ടുന്നില്ല..പീറ്ററിന്റെ ബിസിനസ് സാമ്രാജ്യം കൈവിട്ടുപോവാതിരിക്കാൻ അക്ഷീണം പരിശ്രമിച്ചുകൊണ്ട് അവർ മുന്നിട്ടുനിന്നു.. കരയാനോ ചിരിക്കാനോ അറിഞ്ഞുകൂടാത്ത ഒരു വ്യത്യസ്ത ജീവിയായി പീറ്ററിന്റെ ഭാര്യ മാറികഴിഞ്ഞത് അതോടെയാണ്....
ശേഷം അവർ ഒരു ദുഃഖവും കൂടാതെ ദയാവധം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചു...തീരുമാനമെടുക്കാൻ ഹൈക്കോടതി ജില്ലാമജിസ്ട്രേറ്റിനെ നിയോഗിച്ചു...അന്തിമ തീരുമാനമെടുക്കാൻ ജില്ലാ മജിസ്ട്രേറ്റ് മെഡിക്കൽബോർഡ് രൂപവൽക്കരിച്ചു... ആ സമയത്താണ് പീറ്ററിന്റെ മകൾ താനൊരിക്കലും അച്ഛനെ കൊല്ലാൻ സമ്മതിക്കില്ല എന്നു പറഞ്ഞ് പ്രതികരിക്കുന്നത്... എത്രകാലം വരെ വേണമെങ്കിലും അച്ഛനെ താൻ നോക്കികോളാം എന്നു പറഞ്ഞ് അവൾ അമ്മയുടെ കാലിൽ വീണപേക്ഷിച്ചു...
അങ്ങനെ പീറ്ററിന്റെ ആയുസ്സ് വീണ്ടും നീണ്ടുപോയി...അത്ഭുതമെന്നു പറയട്ടെ ഒരു സുപ്രഭാതത്തിൽ പീറ്റർ കോമാസ്റ്റേജിൽ നിന്നും എഴുന്നേറ്റു..അൽപ്പസ്വൽപ്പം ഓർമ്മകൾ മരവിച്ച അവസ്ഥയിലും ഭൂതകാലത്തെ ഓരോ ഏടുകളും മറിച്ച് മറിച്ച് അയാൾ വായിച്ചുകൊണ്ടേയിരുന്നു...
പീറ്ററിന്റെ സമ്പാദ്യങ്ങൾക്കും ബിസിനസുകൾക്കും പിറകെ ഓടികൊണ്ടിരുന്ന ഭാര്യ ഒരിക്കൽപോലും അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ ഏടുകൾ ചിക്കിചിതഞ്ഞു വായിക്കുന്നതിനു കാതോർത്തില്ല..
ഒരു ദിവസം മകൾ അച്ഛനു കഞ്ഞി കോരികൊടുത്തു കൊണ്ടിരിക്കെ പീറ്റർ മകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... എന്നിട്ട് പുച്ഛഭാവത്തിൽ അയാൾ പറഞ്ഞു...
''നീയെന്റെ മകളല്ല...''
അവൾ ഞെട്ടലോടെ അയാളുടെ കണ്ണുകളിലേക്കു നോക്കി....
''നീയെന്റെ മകളല്ല..പിഴച്ചുണ്ടായ സന്ധതി.... അവളെന്നെ വിവാഹം കഴിക്കുമ്പോൾ രണ്ടുമാസം ഗർഭിണിയായിരുന്നു.. എനിക്കു തെറ്റുപറ്റി..എന്റെ വിഡ്ഢിത്തം..അത് ലോകമറിയാതിരിക്കാൻ ഞാൻ മണ്ടനെപ്പോലെ കഴിഞ്ഞു...ഇനിയതിനു ഞാൻ സമ്മതിക്കില്ല..ഇളയമകൻ മോനുവിന് എഴുതിവച്ചുകഴിഞ്ഞു എന്റെയെല്ലാ സ്വത്തുക്കളും..ലോകം അറിയട്ടെ എല്ലാം...''
''സ്വത്ത് എനിക്കുവേണ്ട...ഒരു തരി മണ്ണുപോലും വേണ്ട...പക്ഷെ അച്ഛന്റെ മകളല്ല ഞാനെന്ന് ലോകത്തോട് പറയരുത്.. തന്തയില്ലാതെ ജനിച്ചവളായി ലോകമെന്നെ നോക്കും...എനിക്കതു സഹിക്കാനാവില്ല....''
അദ്ദേഹം ഒരു പരിധിവരെ ഒരു ഭ്രാന്തൻ അവസ്ഥയിലായിരുന്നു.. അല്ലെങ്കിൽ ഇത്രയും കാലം സ്വന്തം മകളെപ്പോലെ മറ്റെന്തിനേക്കാൾ സ്നേഹിച്ച അവളുടെ മുഖത്തു നോക്കി അയാളങ്ങനെ പറയില്ലായിരുന്നു..വിറയ്ക്കുന്ന ചുണ്ടുകളോടെ അയാൾ വീണ്ടും അവളോട് പറഞ്ഞു..
''പിഴച്ചുണ്ടായവൾ..അതെ പിഴച്ചുണ്ടായ തന്തയില്ലാത്തവൾ....''
''മതി അച്ഛനെന്നെ അങ്ങനെ വിളിക്കരുത്...''
''ആരുടെയച്ഛൻ..്ഞാൻ നിന്റച്ഛനല്ല... നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല..എനിക്കുവേണ്ടി ജീവിതം ഹോമിക്കുന്ന വിഡ്ഢിയാണ് നീ...വെറും വിഡ്ഢി...ഞാൻ ലോകത്തോട് പറയും..എന്റെ ശ്വാസം നിലച്ചില്ലങ്കിൽ പറയും..നീയെന്റെ ആരുമല്ലന്ന്‌....''
അടുത്തുകിടന്ന തലയിണകൊണ്ട് അയാളുടെ മുഖമർത്തി അവൾ പറഞ്ഞു....
''എനിക്കെന്റെ അച്ഛന്റെ മകളായാൽ മതി...''
അവസാനശ്വാസവും നിശ്ചലമായപ്പോൾ അവൾ തലയിണമാറ്റി ആ മുഖത്തേയ്ക്ക് നോക്കി...
അയാൾ ചിരിക്കുന്നു... വല്ലാത്തൊരു മന്ദഹാസം ആ മുഖത്ത് വിടർന്നിരിക്കുന്നു....
അതൊരു സാധാരണ മരണമായി മുദ്രകുത്തപ്പെട്ടു..അയാൾക്കരികിൽ നിന്നും ഒരു നിമിഷം പോലും മാറാതെ ആ മകൾ നെഞ്ചുപൊട്ടികരഞ്ഞുകൊണ്ടിരുന്നു...
പള്ളിപറമ്പിൽ ശവമടക്കി...പിറ്റേന്നു വക്കീൽ വന്നു... എഴുപതു ശതമാനം സ്വത്തിന്റെയും പൂർണ്ണ അവകാശവും മൂത്തമകൾക്ക് പീറ്റർ വളരെ മുമ്പേ എഴുതിവയ്ച്ച വിൽപത്രത്തിലേക്ക് നോക്കി അവൾ കണ്ണീരൊഴുക്കി...അത് ചുരുട്ടി താഴേക്കെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു...
എന്നിട്ട് പതിയെ പറഞ്ഞു..
പീറ്റർ എന്ന എന്റെയച്ഛൻ അതീവ ബുദ്ധിശാലിയായിരുന്നു...

By
Megha V
(D.Ed Student Teacher-DIET Kottarakkara)

അന്ന

ഈ ഡയറി ആർക്കുവായിക്കാനായി എഴുതി തുടങ്ങുന്നു എന്ന് എനിക്കറിഞ്ഞുകൂടാ... ലോകത്തിൽ ഇന്നോളം എഴുതിവയ്ക്കപ്പെട്ട ഏതൊരു ഡയറികുറിപ്പും മറ്റൊരാളാൽ വായിക്കപ്പെട്ടിട്ടുണ്ട്..കാലം അത് ആരുടെയെങ്കിലും കൈയ്യിൽ എത്തിച്ചുകൊടുക്കുക തന്നെ ചെയ്യും.... അതുകൊണ്ടുതന്നെ എന്റെ ഈ അക്ഷരങ്ങൾക്ക് ഒരു വായനക്കാരിയോ വായനക്കാരനോ ഉണ്ടായേക്കാം. നിങ്ങളിത് മുഴുവൻ വായിച്ചുതീർക്കാതെ ജനാലയ്ക്കുപുറത്തേക്ക് വലിച്ചെറിയരുത്... ജനാല...........നിങ്ങൾ ഏതോ ജനാലയോട് ചേർന്നിരുന്നാണ് എന്റെ അക്ഷരങ്ങൾക്കുപിറകേ യാത്രചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിരിക്കുന്നു.. ഒരുപക്ഷെ അതുശരിയാണങ്കിൽ നിങ്ങളുടെ മുഖത്ത് ഒരത്ഭുതം വിടർന്നിരിക്കും... അതെ എന്റെ ഡയറിവായിക്കുന്ന നിങ്ങളൊരു സ്ത്രീയാണ്.. എനിക്ക് കാണാൻ കഴിയുന്നുണ്ട്.. നിങ്ങളുടെ തിളങ്ങുന്ന കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണത്വമുണ്ട്. കട്ടിയുള്ള പുരികകൊടികളെ മറച്ചുകൊണ്ട് മുന്നോട്ടുവീണുകിടക്കുന്ന മുടിയിഴകളെ ഇടയ്ക്കിടെ ചെവിയുടെ ഭാഗത്തേക്ക് തിരികിവയ്ക്കുമ്പോൾ ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ നിങ്ങളുടെ മുഖത്തെ ഒരു കുഞ്ഞോളം നിഷ്കളങ്കമാക്കുന്നു......
ഇനി ഞാനെന്റെ കഥപറയട്ടെ. ഒരുപാട് തിരക്കുകളിലേക്ക് വീണുകൊടുത്തുകൊണ്ട് ജീവിക്കാൻ മറന്നുപോയ ഒരു നിർഭാഗ്യവാനാണ് ഞാൻ. എനിക്ക് സ്വന്തമായി നാല് കമ്പനികൾ ഉണ്ടായിരുന്നു... പുതിയതുണിത്തരങ്ങൾ ഏറ്റവും വ്യത്യസ്തമായി ഉണ്ടാക്കിയെടുത്ത് പല രാജ്യങ്ങളിലേക്കും അയച്ചുകൊടുത്ത് സ്വന്തം റിസ്ക്കിൽ ഞാനുണ്ടാക്കിയെടുത്തത് കോടികളാണ്... പതിനാറുവയസ്സിൽ തുടങ്ങിയ അദ്ധ്വാനമാണ് ഇരുപത്തിഅഞ്ചാം വയസ്സിൽ എന്നെ അവിടംവരെ കൊണ്ടെത്തിച്ചത്... എപ്പോഴും വളരെ ഗൗരവത്തോടെ നടന്നിരുന്ന എന്റെ ജീവിതം മാറ്റിമറിക്കാൻ ഒരു പെൺകുട്ടി കടന്നുവരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല..എല്ലാസിനിമാകഥകളിലെയും പോലെ ഒരു പ്രണയകഥ ആയിരിക്കും തുടങ്ങുന്നത് എന്നു കരുതിയോ...അങ്ങനെയല്ല... പ്രതീക്ഷകൾക്കനുസരിച്ചല്ല എന്റെ കഥ നീങ്ങുന്നത്... അതുകൊണ്ടാണ് ആദ്യമേ പറഞ്ഞത് മുഴുവൻ വായിച്ചുതീർക്കാതെ ജനാലയിലൂടെ വലിച്ചെറിയരുതെന്ന്....
അന്ന് ഞാൻ ഒരു കോൺഫറൻസിന് വളരെവേഗം കാറോടിച്ച് കമ്പനിയിലേക്ക് പോവുകയായിരുന്നു.. എന്റെ വണ്ടിയുടെ മുന്നിലേക്ക് ഒരു ആറുവയസ്സുകാരി എടുത്തുചാടി. കുട്ടി മരിച്ചുവെന്നാണ് ഞാൻ കരുതിയത്..ആളുകൾ കൂടി..ആകെ ബഹളമായി. ഞാൻ പെട്ടെന്ന് കുഞ്ഞിനെ കറിലേക്കിട്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. വിചാരിച്ചതുപോലെ വലിയൊരു അപകടമായിരുന്നില്ല...കാലിനും കൈയ്ക്കും പരുക്കുണ്ട്. രണ്ടാം ദിവസം iccu ൽ നിന്ന് റൂമിലേക്ക് മാറ്റിയപ്പോഴാണ് അവളുടെ മുഖമൊന്ന് ഞാൻ കാണുന്നത്... നക്ഷത്രകള്ളുകളുള്ള ഒരു മാലാഖ കുഞ്ഞ്. എനിക്കവളോട് വല്ലാത്തൊരു വാത്സല്യം തോന്നി..ഒരച്ഛന് തന്റെ മകളോട് തോന്നുന്ന ഒരുവികാരം..
കണ്ണുതുറന്ന് എന്നെ നോക്കിയപ്പോൾ ആദ്യം ചോദിച്ചത് എനിക്കെന്തെങ്കിലും പറ്റിയോ എന്നാണ്... ആളുകൾ ബഹളം വയ്ക്കുന്നതും തല്ലുണ്ടാക്കാൻ വരുന്നതുമൊക്കെ അവൾ കേട്ടിരിക്കും..കാറിൽ വച്ച് ഇടയ്ക്കിടെ കണ്ണുതുറന്ന് അവളെന്നെ നോക്കുന്നുണ്ടായിരുന്നു... അവളുടെ ഓരോ ചോദ്യവും എന്നിൽ അത്ഭുതമുണ്ടാക്കുന്നതായിരുന്നു.
''ഇവിടെവന്നതുനന്നായി. ഇപ്പോൾ വിശക്കാറില്ല.. നേരംതെറ്റാതെ ആഹാരം കിട്ടുന്നു.. ''
''മോളെന്തിനാ വണ്ടിയ്ക്കിടയിലേക്ക് ഓടിവന്നത്...''
''ആ കാറ് എന്നും അതുവഴി പോകുന്നത് ഞാൻ കാണാറുണ്ട്. കാറിനുപിറകിൽ വച്ചിരിക്കുന്ന വലിയ പാവയ്ക്ക് ഞാൻ എന്നും റ്റാറ്റ കൊടുക്കും. കാറ് വന്നപ്പോൾ ഞാൻ പാവയെകാണാൻ ഓടിയതാ..കല്ലിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണുപോയി..''
''മോളുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്..പക്ഷെ ഇതുവരെ ആരും വന്നില്ലല്ലോ..''
''അയ്യോ അതു സാരമില്ല.ഞാൻ സുഖമാവുമ്പോൾ തനിയെ പൊയ്ക്കോളാം..കൂനിനടക്കുന ഒരു അമ്മുമ്മ മാത്രമേ വീട്ടിലുള്ളൂ.അമ്മുമ്മയ്ക്ക് എന്നെ അന്വേഷിച്ച് വരാനുള്ള ആവതില്ല..ഒട്ടും സുഖമില്ല..''
''മോൾക്ക് എന്നോട് ദേഷ്യമുണ്ടോ ....''
''ഇല്ല.. എന്നെ പെട്ടെന്ന് ഇവിടെകൊണ്ടുവന്നില്ലേ..ഇപ്പോൾ എന്റെകൂടെയിരിക്കുന്നില്ലേ..എന്തിനാ ദേഷ്യം കാണിക്കുന്നത്....''
ഞാനവളെ കെട്ടിപിടിച്ചു.നെറ്റിയിൽ ഉമ്മ വച്ചു...ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ആദ്യമായി ലാളന അനുഭവിക്കുന്ന ഒരു കൊച്ചുകുഞ്ഞായി അവളെന്റെ തോളിലേക്ക് ചാരി.... അവളോടൊപ്പമുള്ള രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസം ...എന്നെ ചിരിക്കാൻ പഠിപ്പിച്ചു തുടങ്ങി..അവളെ ഞാൻ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു..ആദ്യമായി എന്റെ ജീവിതത്തിൽ ഞാനൊരു സ്ഥാനം നൽകിയത് ആ കൊച്ചുപെൺകുട്ടിക്കാണ്... അവളെ ഞാൻ അന്ന എന്നു വിളിച്ചു..ആ വിളി അവൾക്കൊരുപാട് ഇഷ്ടമായിരുന്നു.. അന്ന എന്നെ സർ എന്ന് ആദ്യംമുതൽ വിളിച്ചുശീലിച്ചതുകൊണ്ട് ആ വിളിമാറ്റാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല.. എന്റെ വീടിന്റെ മുക്കിലും മൂലയിലും ഓടിനടന്ന് എന്ത് വികൃതിയും കാണിക്കാൻ പൂർണ്ണസ്വാതന്ത്ര്യം ഞാൻ നൽകിയിരുന്നു..കളിയും ചിരിയുമൊക്കെ കഴിഞ്ഞ് അവൾ വീട്ടിലേക്ക് തിരിച്ചുപോയി കഴിഞ്ഞാൽ എനിക്ക് വല്ലാത്തൊരു ശ്വാസം മുട്ടൽ തുടങ്ങും.. അതുകൊണ്ടുതന്നെ അവളെയും അമ്മുമ്മയും ഞാൻ ഏറ്റെടുത്തു..വീട്ടിലേക്ക് സ്ഥിരതാമസത്തിന് കൊണ്ടുവന്നു...അമ്മുമ്മയുടെ എല്ലാചികിത്സകളും നടത്തി..പക്ഷെ രണ്ടുവർഷം കഴിഞ്ഞപ്പോൾ അവർ മരണപ്പെട്ടു.. അമ്മുമ്മ മരിച്ചതോടെ അവളിൽ വല്ലാത്തൊരു മാറ്റം ഞാൻ കണ്ടുതുടങ്ങി.. പഴയ കുസൃതികളും തമാശകളുമൊക്കെ അവൾ കുറച്ചതും എന്നോടുത്തുള്ള സമയംചെലവിടലുകളിൽ പരിധി നിശ്ചയിച്ചതും അതിനുശേഷമാണന്നാണ് ഞാൻ കരുതിയത്..
അവൾക്ക് 12 വയസ്സുകഴിഞ്ഞു... മുറിയിലിരുന്നുള്ള പഠിത്തവും എന്നോടൊപ്പം ഇരുന്നുള്ള ആഹാരം കഴിക്കലും.. വല്ലപ്പോഴും പുറത്തുപോയുള്ള കറക്കവും.. എല്ലാത്തിലും അവളൊരു സമയവും പരിധിയും നിശ്ചയിച്ചുതുടങ്ങി..ഞാൻ പഴയ അന്നയെ ആണ് സ്നേഹിച്ചത്..പുതിയ അന്ന തികച്ചും എനിക്ക് അപരിചിതയായിരുന്നു...
ഒരുദിവസം അന്നയെ ഞാൻ മുറിയിലേക്ക് വിളിപ്പിച്ചു...
അന്നയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് അനേഷിച്ചു..അതറിയാൻ വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്തതിന് അപ്പോളവൾ എന്നോട് നീരസം പ്രകടിപ്പിച്ചു... ഒടുവിൽ അന്ന സംസാരിച്ചുതുടങ്ങി.....
''ഞാൻ സാറിന്റെ ആരാണ്.....''
ആ ചോദ്യം എന്നെ വല്ലാതൊന്നു ഞെട്ടിച്ചു...എനിക്കന്ന ആരാണ്... ശരിയായ ഒരു മറുപടി മനസെനിക്ക് നൽകുന്നില്ല.. എന്റേതെന്ന് പറയാൻ സ്വന്തമായി ആരുമില്ലായിരുന്ന എനിക്ക് എല്ലാമെല്ലാമായി അന്നമാറിയത് വളരെപെട്ടെന്നാണ്.........അന്ന കുറച്ചുനാൾ മുമ്പുവരെ എന്റെ നല്ലൊരു കൂട്ടുകാരിയെപ്പോലെ ആയിരുന്നു..എന്നോടൊപ്പം കളിച്ചും ചിരിച്ചും പാട്ടുപാടിയും എന്റെ ജീവിതത്തിന് നിറംപകർന്ന കൊച്ചുപെൺകുട്ടി....
ഞാൻ പതിയെ പറഞ്ഞു.....''നീയെന്റെ നല്ല കൂട്ടുകാരിയാണ്.......''
''സർ എന്റെയുള്ളിൽ ഒരുപാട് ചോദ്യങ്ങളുണ്ട്.... അതെന്നെ വല്ലാതെ കുഴയ്ക്കുന്നു..ആ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ പോലുമറിയാതെ സാറുമായി അകന്നുതുടങ്ങി.......
''പ്രായത്തിൽ കവിഞ്ഞ നിന്റെയീ പക്വത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു അന്ന....''
''സർ എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടിക്ക് ഏറ്റവും അധികം വേണ്ടത് ഒരമ്മയെ ആണന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.... എന്റെ ഉടുപ്പിൽ പടർന്ന രക്തക്കറ കണ്ട് കാലുമുറിഞ്ഞതിന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തുടങ്ങിയത് എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി..സർ ജീവിതത്തിൽ ആദ്യം ഇടപഴകുന്ന പെൺകുട്ടി ഞാനാണ്..ഒരമ്മയില്ലാതെ വളർന്നതുകൊണ്ട് പലകാര്യങ്ങളിലും സർ എപ്പോഴും അറിവില്ലായ്മ കാണിച്ചിട്ടുണ്ട്... പക്ഷെ ഇപ്പോഴുള്ള പ്രശ്നങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു......''
അവൾ പറയുന്നത് പൂർണ്ണമായും എനിക്ക് മനസ്സിലായില്ല..എങ്കിലും അന്നയെമനസ്സിലാക്കുന്ന കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ വേദനിപ്പിച്ചു...
''അന്നയ്ക്ക് എന്നോട് എന്തുവേണമെങ്കിലും പറയാമല്ലോ... എന്തിനാ മടിക്കുന്നത്..അന്നയുടെ വിഷമം എന്താണെന്ന് പറയൂ.....''
'' എനിക്കിപ്പോൾ പതിമൂന്ന് വയസ്സ് ആയിരിക്കുന്നു..ഒരുവർഷം മുമ്പാണ് എന്റെ ശരീരത്ത് പടർന്ന രക്തക്കറ കണ്ട് ഞാൻ പേടിച്ചുപോയത്..സ്കൂളിൽവച്ചായതുകൊണ്ട് അധ്യാപകർ എന്നെ സഹായിച്ചു.വീട്ടിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഞാനത് തടഞ്ഞു.. അതുകൊണ്ടാണ് ഇതുവരെ സർ ആ വിവരം അറിയാതെപോയത്... സർ എപ്പോഴും എന്നെ പഴയ ആറുവയസ്സുള്ള അന്ന ആയേ കണ്ടിട്ടുള്ളൂ...ഞാൻ വളരുന്നു എന്നത് അംഗീകാരിക്കാൻ സർ തയ്യാറാവുന്നില്ല എന്ന് തോന്നിയിട്ടുണ്ട്..പിന്നീടാണ് മനസ്സിലായത് സാറിന്റെ അഞ്ജതയാണ് അതിന് കാരണമെന്ന്.... ഓരോരുത്തർക്കും ഓരോ പ്രായത്തിലും ഓരോ മനസ്സാണല്ലോ..എനിക്ക് പഴയതുപോലെ ഓടികളിക്കാനോ ഒളിച്ചുകളിക്കാനോ തോന്നാറില്ല... എന്റെയുള്ളിലെ എല്ലാ സംശയങ്ങൾക്കും സാറിനെ സമീപിക്കാൻ കഴിയാറുമില്ല..എനിക്ക് സങ്കടം വരാറുണ്ട്..നമ്മൾ തമ്മിൽ അന്യരേപ്പോലെ അകലുന്നു എന്നു തോന്നുമ്പോൾ....''
അന്നത്തെ അന്നയുടെ സംസാരം എന്നെ ഒരുപാട് ചിന്തിപ്പിച്ചു..അന്നയിലുണ്ടാകുന്ന ഒരോ മാറ്റങ്ങൾക്കും അനുസരിച്ച് അവളോട് പെരുമാറാൻ ഞാൻ പഠിച്ചുതുടങ്ങി...അങ്ങനെവന്നോൾ ഞങ്ങളിൽ വീണ്ടും പഴയസൗഹൃദം കൂടുതൽ മനോഹാരിതയോടെ പുനർജനിച്ചു...
കാലങ്ങൾ കടന്നുപോയി...ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഒരുപാട് ആലോചനകളുമായി ബ്രോക്കർമാർ വീട്ടിലേക്ക് വന്നുതുടങ്ങി..ഒരുദിവസം അത് അന്നയുടെ ശ്രദ്ധയിൽപ്പെട്ടു..
''നിങ്ങൾ കല്ല്യാണം കഴിക്കാൻ പോവുകയാണോ......''
അവൾ വല്ലാത്തൊരു ഞെട്ടലോടെയാണ് ആ ചോദ്യം ചോദിച്ചത്....
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
''ഇപ്പൊ തന്നെ ഒരുപാട് വൈകി..ഞാനും നിന്റെ പ്രായം ആണന്നാണോ വിചാരം....''
അവൾ ഒന്നുമിണ്ടാതെ അകത്തേക്കുപോയി...രാത്രി ഭക്ഷണം കഴിക്കാൻ പോലും അവൾ വന്നില്ല.അന്നയ്ക്ക് എന്തുപറ്റിയെന്ന് മനസ്സിലാവാതെ ഞാൻ മുറിയിലേക്ക് ചെന്നു.....
''അന്ന പുതിയൊരാൾ വീട്ടിലേക്ക് വരുന്നതുകൊണ്ടുള്ള വിഷമം ആണോ നിനക്ക്.....''
ഞാനവളുടെ തലയിൽ തലോടി...അവൾ ഒന്നും മിണ്ടുന്നില്ല..
''നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന പെൺകുട്ടിയെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ...........''
''ആരെവേണമെങ്കിലും കല്ല്യാണം കഴിക്കൂ..ഞാനാരാണ് അഭിപ്രായം പറയാൻ......''
''നീയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ....''
''ഒന്നുമില്ല.അടുത്തവർഷം മുതൽ ഞാൻ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്.. ഈ പ്ളസ്ടു ഒന്നുവേഗം കഴിഞ്ഞുകിട്ടിയാൽ മതി....''
''വീട്ടിൽ നിന്നും മാറാനോ..നിനക്കെങ്ങനെ കഴിയുന്നു ഇങ്ങനൊക്കെ പറയാൻ...''
''നമ്മുടെ ലോകത്തേക്ക് മറ്റൊരാൾ കടന്നുവരുന്നത് എനിക്ക് സഹിക്കാനാവുന്നില്ല...ഞാനിവിടെ അന്യയായി മാറുന്നതുപോലെ......''
''നീയെന്തൊക്കെയാണ് പറയുന്നത്....''
''ഞാൻ കാര്യമായിട്ടാ പറയുന്നത്...ഇപ്പോൾ വന്ന ആലോചനയില്ലേ...ആ പെൺകുട്ടിക്ക് എത്രവയസ്സുണ്ട്....''
''അവൾക്ക് 20 വയസ്സ് കഴിഞ്ഞതേയുള്ളൂ..വേണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല....''
''എനിക്ക് രണ്ടുമൂന്ന് വർഷം കഴിഞ്ഞാൽ ഇരുപത് വയസാകും..എന്നെ കല്ല്യാണം കഴിച്ചൂടെ..അപ്പോൾ നമുക്കൊരിക്കലും പിരിയേണ്ടി വരില്ല....''
അവളുടെ സംസാരം എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു...ഒരിക്കലും എന്റെ മനസ്സിൽപോലും വന്നിട്ടില്ലാത്ത ഒരു കാര്യം...അവൾക്കെങ്ങനെ അതു ചിന.തിക്കാൻ കഴിഞ്ഞു....എന്റെ ഏകാന്തതയെ മാറ്റിമറിച്ച ഒരു മാലാഖ കുഞ്ഞാണ് ഇന്നും എനിക്കവൾ.....ഒന്നും മിണ്ടാതെ മുറിയിൽ നിന്നും ഞാൻ ഇറങ്ങിപ്പോയി....
കുറച്ചുദിവസം ഞങ്ങൾക്കിടയിൽ നീണ്ട മൗനമായിരുന്നു... എന്തു പറഞ്ഞുതുടങ്ങണം അവളെ എങ്ങനെ പറഞ്ഞുമനസ്സിലാക്കണമെന്നറിയാതെ ഞാനൊരുപാട് വിഷമിച്ചു...
രാത്രി ആഹാരം കഴിച്ചുകൊണ്ടിരിക്കെ അന്ന എന്നോട് സംസാരിച്ചുതുടങ്ങി....
''സർ ഇത്രവലിയ ബിസിനസ്മാൻ ആയിട്ടും മനസിലാക്കാത്ത ഒരുപാട് വിഷയങ്ങളുണ്ട്... ഇനി ഞാനൊന്നുപറയട്ടെ.... നാളെ നമുക്ക് പെണ്ണുകാണാൻ പോകാം... ഒരുപക്ഷെ അതിനുശേഷം ചില തിരിച്ചറിവുകൾ ഉണ്ടായേക്കാം......
അവളുടെമനസ്സ് മാറിയതാകും എന്നുകരുതി പിറ്റേന്ന് ഞങ്ങൾ ഒരുമിച്ച് ബോ്രക്കറോടൊപ്പം പെണ്ണുകാണാൻ പോയി....
പെൺകുട്ടിയെ കണ്ടു..തരക്കേടില്ല..പെൺകുട്ടിയുടെ അച്ഛൻ സംസാരിച്ചുതുടങ്ങി....
''ഇതാരാ സഹോദരിയാണോ...''
''സഹോദരിയെപ്പോലെയാണ്. എന്റേതായ എല്ലാ സ്വത്തുവകകൾ പോലും ഇവൾക്കുകൂടി അവകാശപ്പെട്ടതാണ്....''
''അപ്പോൾ സഹോദരിയല്ലേ....''
''അത് പിന്നെ....ചെറുപ്പംമുതൽ എന്റെ വീട്ടിലാണ് വളരുന്നത്.....''
അയാൾ പേരില്ലാത്ത ബന്ധത്തെ പുച്ഛിച്ചു...എല്ലാവരും മൂക്കത്തുവിരൽ വച്ചു...നിറഞ്ഞകണ്ണോടെയാണ് ഞാൻ കാറോടിച്ചത്....
''സാറിന് അറിയാമോ ഒരിക്കലും ഒരു പുരുഷനും എന്നെ വിവാഹം കഴിക്കില്ല...മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നമ്മുടെബന്ധത്തിന് പല പേരുകളാണ്..... ഒരുപക്ഷെ നിങ്ങളെമനസ്സിലാക്കി ഒരു പെൺകുട്ടി വിവാഹത്തിനു തയ്യാറായാലും ഒരു പെണ്ണെന്നനിലയിൽ എന്റെ കാര്യത്തിൽ അതു സംഭവിക്കില്ല...ഞാനത് വർഷങ്ങൾക്കുമുമ്പേ തിരിച്ചറിഞ്ഞിരുന്നു...സാറിന്റെ നിഷ്കളങ്കതകൊണ്ടാണ് അത്രത്തോളം ചിന്തിക്കാതിരുന്നത്...അല്ലെങ്കിൽ നിങ്ങളുടെ ഒറ്റപ്പെട്ട ജീവിതംകൊണ്ട് സമൂഹത്തെമനസ്സിലാക്കാൻ കഴിയാതെപോയതും ആകാം.....''
ഞാൻ നിന്നോട് എത്രവലിയ പാപമാണ് ഇത്രയും വർഷം ചെയ്തതെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്...വയറുനിറയെആഹാരവും വസ്ത്രവും പഠിക്കാൻ പുസ്തകവും സ്വതന്ത്ര്യവും എന്റെ സ്വത്തുക്കളും തന്നുകൊണ്ട് നിന്നെ ഞാൻ സംരക്ഷിക്കുന്നു എന്നാണ് ഇത്രയും കാലം ഞാൻ വിശ്വസിച്ചത്‌.അന്ന ഞാൻ തോറ്റുപോയതാണോ....എനിക്കെന്നോട് പുച്ഛം തോന്നുന്നു........നീയെന്നോട് ക്ഷമിക്കില്ലേ.....''
അന്ന് കാറിടിച്ചപ്പോൾ എന്നെ സഹായിച്ചില്ലേ...ആ അപത്തിൽ നിന്നും എന്നെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് ഇവിടം വരെ നടത്തിയില്ലേ....അതുപോലെ ഇൗ ചെറിയ അപകടത്തിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് എന്നും ഒപ്പം നടത്താമോ.....എവിടേം കൈവിട്ടുകളയാതെ......
ഒരുപാട് വാത്സല്യത്തോടെ തലയിൽ തലോടി ഞാൻ അവളോട് പതിയെ പറഞ്ഞു......
ഒരു താലിചരടുകൊണ്ട് നമ്മുടെ ബന്ധത്തിനൊരു പേരിട്ടാലും എന്നും ഒരേ വാത്സല്യത്തോടെ നിന്നെയിങ്ങനെ ചേർത്തുപിടിച്ച് തലോടി ഏറ്റവും നിഷ്കളങ്കമായി നിന്നെ സ്നേഹിക്കാനെ എനിക്ക് കഴിയൂ....എങ്കിലും ചിലപ്പോഴൊക്കെ നിന്നിൽ ഞാനെന്റെ അമ്മയെ കണ്ടിട്ടുണ്ട്.....പന്ത്രണ്ടാം വയസുമുതൽ നീയെന്നെ ഉപദേശിച്ചും നിയന്ത്രിച്ചും തുടങ്ങിയത് ഞാനോർക്കുന്നുണ്ട്....ഒരു നല്ല കൂട്ടുകാരിയും അമ്മയുടെ ജോലികൾ എത്രമനോഹരമായി നീ ചെയ്യുന്നു...നിന്റെ ഓരോ ചോദ്യങ്ങളും പലപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്...അപ്പോഴൊക്കെ ഞാനെന്നോട് അറിയാതെ ചോദിച്ചുപോയിട്ടുണ്ട് നീയെനിക്ക് ആരാണന്ന്...നീയെനിക്ക് എല്ലാമെല്ലാമാണ് അന്ന....'''
ഡയറിയുടെ അവസാനതാളും മറിച്ചുകൊണ്ട് അന്ന പുഞ്ചിരിച്ചു....ഞാനല്ലാതെ മറ്റാരാണ് നിങ്ങളുടെ വരികൾ ഇത്രമനോഹരമായി
ഉൾക്കൊള്ളുക...ഈ ഡയറിയുടെയും നിങ്ങളുടെ ഹൃദയത്തിന്റെയും അവകാശി എന്നുമെന്നും അന്നതന്നെ ആയിരിക്കും ....


By
Megha V
(D.Ed Student Teacher-DIET Kottarakkara)
ലാലു

ഇനിയൊരു കഥ പറഞ്ഞുതുടങ്ങുക ഏറെ പ്രയാസമാണ്...മാസികയിലെ പ്രസിദ്ധീകരണം അവസാനിപ്പിക്കാം എന്നുകരുതിയതാണ്..... എങ്കിലും ഇന്നത്തെ ഏറെക്കുറേ വായനക്കാർ അക്ഷരങ്ങൾക്കിടയിൽ അശ്ളീലം തേടുന്നതായി തോന്നിയിട്ടില്ല..അശ്ളീലത്തിനിടയിൽ മറഞ്ഞിരിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ വായിച്ചെടുക്കുന്നു എന്നു തോന്നിയിട്ടുണ്ട്...ചിലകാരണങ്ങളാൽ ഇനിയൊരെഴുത്ത് വേണ്ടന്നുവച്ചതാണ്...എങ്കിലും നിങ്ങൾക്കുവേണ്ടി ഞാനെഴുതാം...എഴുതാതെ മാറ്റിവച്ച ചിലത്.......
ഒരുദിവസം ലാലു എന്നോടുചോദിച്ചു നിന്റെ ജീവിതത്തിന്റെ അർത്ഥമെന്താണന്ന്....
ഒരു മൗനമായിരുന്നു ആദ്യത്തെ മറുപടി..ലാലുവിന്റെ വിരലുകളെ കഴുത്തിൽ നിന്നും അടർത്തിമാറ്റി കട്ടിലിൽ നിന്നും ഞാൻ പതിയെ എഴുന്നേറ്റു... തൊട്ടപ്പുറത്തിരുന്ന വാൽക്കണ്ണാടിയെടുത്ത് മുഖത്തേക്ക് നോക്കി..വിരലുകൾ സിന്ദൂരരേഖയിൽ തൊട്ടു...
നെറുകയിൽ ഒരു ചുവപ്പണിഞ്ഞ് മണവാട്ടിയാകാൻ കൊതിച്ചിരുന്നു... പക്ഷെ ആർക്കും എന്റെ ആത്മാവിനെ സ്പർശിക്കണമെന്ന് തോന്നിയിരിക്കില്ല..എല്ലാവരും ശരീരം മാത്രമാവാം കൊതിച്ചത്‌... ഇപ്പോൾ ജീവിതത്തിനങ്ങനെ അർത്ഥങ്ങളൊന്നുമില്ല.. ഒരു മഴചാറ്റൽപോലെ ആരുടെയൊക്കയോ മിനിറ്റുകൾ നീണ്ടുനിൽക്കുന്ന സന്തോഷങ്ങൾക്കായി പെയ്തുകൊണ്ടേയിരിക്കുന്നു....
''നിന്റെ ശരീരത്തേക്കാൾ ആകർഷണത്വമുണ്ട് നിന്റെ വാക്കുകൾക്ക്.... എനിക്കൊരിക്കലും തോന്നിയിട്ടില്ല ഇവിടേക്ക് കയറിവരുന്ന ഏതൊരുപുരുഷനും നിന്നെ അന്വേഷിക്കുന്നത് ഈ ശരീരംകൊതിച്ചുകൊണ്ട് മാത്രമാണന്ന്....അതിലും പ്രധാനപ്പെട്ട എന്തൊക്കയോ ഒരു സ്ത്രീയിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്നുണ്ട്....
''ലാലു ഞാനെപ്പോഴും എന്നെക്കുറിച്ച് മാത്രമേ ഈ നാലുചുവരുകൾക്കിടയിൽ എന്റെ വിയർപ്പിൽ ഒട്ടിപ്പിടിച്ചുകിടക്കുന്ന ഓരോ പുരുഷന്മാരോടും പറയാറുള്ളൂ... അതിനപ്പുറം വാക്കുകൾകൊണ്ട് മോഹിപ്പിക്കുവാനൊന്നും എനിക്കറിഞ്ഞുകൂടാ...''
''അതു തന്നെയാണ് സത്യവും..നീ പറയുന്ന ഓരോ വാക്കും ഹൃദയത്തിൽ നിന്നും അടരുന്നവയാണ്... അതുകൊണ്ടുതന്നെ മുഷിപ്പില്ലാതെ കേട്ടിരിക്കാനാവും..നിന്റെ കേൾവിക്കാരനാവാൻ കൊതിച്ചുവരുന്നവരാണ് കൂടുതൽ പേരും...ഒരുദിവസം എന്റെയൊരു സുഹൃത്ത് നിന്നെക്കുറിച്ച് പറയുകയുണ്ടായി... അവനെ ജീവിക്കാൻ പ്രേരിപ്പിച്ചത് നിന്റെ വാക്കുകളാണന്ന്..നമ്മൾ സുഹൃത്തുക്കളാണന്ന് അവന് അറിയില്ലായിരുന്നു ....''
''ആരാണത്..''
''ദാസ്.....''
''ഹഹഹ..ഒരു രാത്രിമുഴുവൻ എന്നോടൊപ്പം സംസാരിച്ചിരുന്ന് എന്റെ ശരീരത്തിൽ അലിയാൻ മറന്നുപോയ കുഞ്ഞിന്റെ മനസ്സുള്ള ദാസ്..... ഞാനയാളെ മറക്കില്ല... അയാൾ പറഞ്ഞത് തെറ്റാണ്...എന്റെ വാക്കുകളല്ല അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചത്... അയാൾക്ക് വേണ്ടത് നല്ലൊരു കേൾവിക്കാരിയെ ആയിരുന്നു.. ഒരു രാത്രിമുഴുവൻ അയാൾക്കു പറയാനുള്ളത് ഞാൻ കേട്ടിരുന്നു..ആ കണ്ണുകൾ നിറഞ്ഞൊഴുകി അവസാനതുള്ളിയും ഷർട്ടിലേക്ക് പടരും വരെ ഒരു ജന്മംകൊണ്ടനുഭവിച്ച വേദനകൾ അയാൾ പറഞ്ഞുതീർത്തു...ഒടുവിൽ എന്റെ മടിയിലേക്ക് ചാഞ്ഞുകിടന്നു..മുടിയിലൂടെ വിരലുകൾ ഓടിച്ച് ഞാനയാളെ ഉറക്കി കളഞ്ഞു...ഞാനല്ല എന്റെ വിരലുകളാണ് അപ്പോൾ അയാളോട് സംസാരിച്ചത്.....''
''എനിക്ക് നിന്നോട് ബഹുമാനം തോന്നുന്നു..വേശ്യ എന്ന വാക്കിന്റെ അർത്ഥം നീ മാറ്റിയെഴുതുന്നപോലെ....''
''ലാലു നിങ്ങൾക്കറിയാമോ ഇവിടെവരുന്ന 10 ൽ 7 പേരും ശരീരത്തെ അന്വേഷിച്ച് വരുന്നവരല്ല... ആ യാഥാര്‍ത്ഥ്യം അവർ പലപ്പോഴും തിരിച്ചറിയുന്നില്ല..... ''
''നീയെങ്ങനെയാണ് ഇത്രമനോഹരമായി മനുഷ്യനെ വായിക്കാൻ പഠിച്ചത്.....''
''പതിനഞ്ചുവയസ്സുമുതൽ ദേശത്തിന്റെ പലകോണിൽ താമസിക്കുന്ന വ്യത്യസ്ത സ്വഭാവവും സംസ്കാരവും രീതികളും ഉള്ള പുരുഷന്മാരുമൊത്ത് ഇത്തരത്തിൽ ഞാൻ സഹകരിക്കുന്നു..ഇന്നെനിക്ക് ഇരുപത്തിയെട്ട് കഴിയുന്നു..ഒരു മനഃശാസ്ത്രജ്ഞയേക്കാൾ പഠിച്ചുകഴിഞ്ഞു ഓരോ മനുഷ്യരെകുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും.......''
''എന്നിട്ട് എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞോ.....''
''ചിലരെ മനസ്സിലാക്കിയാലും ആവാത്തതുപോലെ നടിക്കേണ്ടിവരും ലാലു... ലാലുവിനോട് ലാലുവിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് പേടിയാണ് ..കാരണം ആ കണ്ണുകളിൽ എപ്പോഴുമൊരു പ്രണയത്തിന്റെ തിളക്കമുണ്ട്...വേശ്യകൾക്ക് പ്രണയിക്കാൻ അവകാശമില്ല ലാലു........അങ്ങനെ സംഭവിച്ചാൽ ഈ മുഷിഞ്ഞ ജോലിയോട് വീണ്ടും വീണ്ടും മടുപ്പുതോന്നി വിഷാദത്തിലേക്ക് വീണുപോകും ഞാൻ..ഓരോ കാരണങ്ങളിലൂടെ കടന്നുപോയി ഞാൻ എന്റെ ജോലി ആസ്വദിക്കാൻ ശ്രമിക്കുകയാണ് ഓരോ നിമിഷവും........''
''ആദ്യം നിന്റടുത്തേക്ക് വന്നത് വെറുമൊരു ശരീരം അനേഷിച്ചാണ്..പക്ഷെ രണ്ടാമതുവന്നത് നിന്റെ ആത്മാവിനെ വായിക്കാനാണ്...ശേഷം വീണ്ടും വീണ്ടും ആ വരവ് തുടർന്നത് നിന്റെ ആത്മാവിനെ പ്രണയിക്കാനാണ്....ചില സ്ത്രീകളെ ദൈവം അങ്ങനെയാണ് സൃഷ്ടിച്ചത്..പ്രകൃതിപോലെ മനോഹരിയായിരിക്കും.....അതിലും സൗന്ദര്യം ആത്മാവിൽ അലിഞ്ഞിട്ടുണ്ടാവും........''
''ലാലു ഞാൻ നിന്നെക്കുറിച്ച് ഒരിക്കൽ എഴുതും...അതൊരുപക്ഷെ എന്റെ പേനയിൽ നിന്നും അടർന്നുവീഴുന്ന അവസാന മഷിതുള്ളിയാൽ എഴുതപ്പെടുന്നതായിരിക്കും.......''
അന്ന് ലാലു മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ അകാരണമായി എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...ലാലുവുമായുള്ള അവസാനക്കൂടിക്കാഴ്ചയാണ് അതെന്ന് എന്തുകൊണ്ടോ എന്റെ ഹൃദയം എന്നോട് പറഞ്ഞിരുന്നു...ചില ആത്മബന്ധങ്ങൾ അങ്ങനെയാണ് .........ലാലു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.. ഒരു വേശ്യയെപ്പോലും ബഹുമാനിക്കുന്ന ആ കണ്ണുകളോട് എനിക്കന്നും ഇന്നും പ്രണയമായിരുന്നു......ലാലുവിന്റെ ആത്മാവ് ഒരുപക്ഷെ നിങ്ങളോടൊപ്പം ഈ അക്ഷരങ്ങളിലൂടെ ഇപ്പോൾ യാത്രചെയ്യുന്നുണ്ടാവാം...



By
Megha V
(D.Ed Student Teacher-DIET Kottarakkara)
തിരക്കഥ

എത്ര നല്ല തിരക്കഥാരചയിതാവ് എന്നു പറഞ്ഞാലും അയാളുടെ ചില കാഴ്ചപ്പാടുകളോട് എനിക്ക് ഒരുതരം പുച്ഛമായിരുന്നു... അയാൾ വിവാഹിതൻ ആയിരുന്നില്ല... ഒരു പെണ്ണിനെ പ്രാപിക്കണം എന്നുതോന്നുമ്പോൾ അതിനനുവദിക്കുന്നവർക്കടുത്തേക്ക് ചെല്ലുക.. പ്രണയിക്കണം എന്നുതോന്നിയാൽ പ്രണയിക്കുക...ഉപേക്ഷിക്കണം എന്നു തോന്നുന്ന ആ സെക്കന്റിൽ യാതൊരു മനഃപ്രയാസവും കൂടാതെ അവരുടെ അനുവാദത്തോടെ തന്നെ ഉപേക്ഷിക്കുക..അയാൾക്ക് സ്ത്രീകളോട് ഹൃദയത്തിൽ തൊട്ടൊരു ആത്മബന്ധം ഉണ്ടന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യങ്ങളെ അപ്പപ്പോൾ തോന്നുന്ന ഇഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിച്ചുകൊണ്ട് ജീവിതം സ്വയം തട്ടിക്കളിക്കുന്നതിൽ അയാൾ സന്തുഷ്ടനായിരുന്നു.....ഞാൻ ബഹുമാനിച്ചത് അയാളിലെ ഉറച്ച നിലപാടുകളെ മാത്രമാണ്... അയാളോട് ഏതൊരു പെണ്ണിനും അടുത്തിടപഴകാം..സംസാരിക്കാം..അയാൾ ഒരിക്കലും ഒരു മൃഗത്തെപോലെ ചാടിവീണുകൊണ്ട് സ്വയം തരംതാഴുകയില്ല..പക്ഷെ നമ്മൾ അങ്ങനെയൊരു സ്വാതന്ത്ര്യം നൽകുന്ന നിമിഷം അയാളിലെ ഇഷ്ടങ്ങൾക്കായി അയാൾ നമ്മളെ ഉപയോഗിച്ചിരിക്കും...അങ്ങനെ സംഭവിക്കാതിരിക്കാൻ അയാളോട് സഹകരിക്കുമ്പോൾ നമ്മൾ കൂടെ കൂട്ടേണ്ടത് ഒന്നുമാത്രമാണ് നമുക്ക് നമ്മളോടുള്ള വിശ്വാസം...........ആ വിശ്വാസമാണ് ഇത്രയും കാലം നീണ്ടുനിന്ന ഞങ്ങളുടെ സൗഹൃദത്തിന്റെ രഹസ്യവും....
ഒരു ദിവസം അയാൾ എനിക്കയച്ചുതന്ന pdf ഓപ്പൺ ചെയ്ത് തിരക്കഥയിലൂടെ ഞാനൊരു യാത്രപോയി...ഇത്രകാലം കഴിഞ്ഞിട്ടും അതൊരു സിനിമയായില്ല എന്നതിന് പലരുടെയും ഡേറ്റും സമയവും ഒത്തുവന്നില്ല എന്നതിനപ്പുറം എനിക്ക് കാണാനായത് മറ്റൊരു കാരണമാണ്... ഒരു തിരക്കഥയായാലും കഥയായാലും അതിലെ വ്യക്തികൾക്ക് ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ അത്രയും ആകർഷണത്വമുള്ള വ്യക്തിത്വം ഉണ്ടാകണം.... അല്ലാത്തപക്ഷം ജീവനില്ലാത്ത വെറും പേപ്പർ കഷണങ്ങൾ മാത്രമാകും അത്...അതൊരു സിനിമയായാൽ തന്നെ ഒരാഴ്ചയോ രണ്ടാഴ്ചയോ തീയറ്ററിൽ ഇഴഞ്ഞന്നു വരാം....
ഒരു സിനിമ സ്വപ്നം കാണുമ്പോൾ ആ സിനിമയ്ക്ക് ജീവനുണ്ടാകണം എന്നുകൂടി സ്വപ്നം കണ്ടുകൂടെ...
ഓരോ സന്ദർഭത്തിലും കഥാപാത്രങ്ങൾ എങ്ങനെയൊക്കെ പ്രതികരിക്കുന്നു എന്തിനധികം ശാരീരികചലനങ്ങളിൽ പോലും തിരക്കഥാകൃത്തിന് ഒരു ധാരണയുണ്ടാവണം...ഞാൻ തിരക്കഥ എഴുതാറില്ല.എങ്കിലും അയാൾക്ക് ഉയരാൻ കഴിയാതെപോയതിന്റെ ഒരുപാട് കാരണങ്ങൾ ആ പേപ്പറുകളിൽ ഞാൻ കണ്ടു... മനുഷ്യന്റെ മനശാസ്ത്രമറിയാത്ത ഒരാൾക്ക് വ്യത്യസ്തവും മനോഹരവുമായ സിനിമ ചെയ്യാൻ എങ്ങനെ സാധിക്കും..പുതുമകൾ കൂട്ടിചേർക്കാൻ കഴിയാതെ വരും..ഏതൊക്കയോ ഇംഗ്ളീഷ് ഹിന്ദി തെലുങ്ക് കൊറിയൻ പടങ്ങളുടെ വാലിൽ പിടിച്ച് ഉയർന്നുവരുന്ന ചില ആശയങ്ങൾ എടുത്ത് സിനിമയാക്കിയാൽ മലയാള സിനിമയിൽ നമ്മൾ മലയാളികളുടെ കൈയ്യൊപ്പ് പതിയുന്നത് എങ്ങനെയാണ്.......എത്രവലിയ സിനിമാക്കാരൻ ആണന്നു പറഞ്ഞാലും ഇവനെയൊന്നും എനിക്കംഗീകരിക്കാൻ ആവില്ലന്നു മനസിൽ കരുതി ആ തിരക്കഥ ഞാനപ്പാടെ മടക്കി വച്ചു...

നെഗറ്റീവായോ പോസിറ്റീവായോ യാതൊരു അഭിപ്രായങ്ങളും ഞാനയാളോട് പറഞ്ഞില്ല.. എനിക്കിതേകുറിച്ചൊന്നും ധാരണയില്ലപ്പാ എന്നു പറഞ്ഞ് ഒഴിവാക്കിയത് ഞാനെന്തു പറഞ്ഞാലും അയാൾ എന്നിലെ അഹങ്കാരിയെ മാത്രം കാണുകയും എന്നോട് അഭിപ്രായം ചോദിച്ചത് തെറ്റായിപോയി എന്നുകരുതി മാറിപോവുകയും ചെയ്യും എന്ന് മുൻകൂട്ടി അറിയാവുന്നതുകൊണ്ടാണ്..
ഞാനങ്ങനെയാണ് ചിലരോട് പറഞ്ഞാൽ മനസിലാക്കും എന്നു ഉറപ്പുള്ള സന്ദർഭങ്ങളിൽ / സമയങ്ങളിൽ മാത്രമേ ചിലതു ബോധിപ്പിക്കാറുള്ളൂ...
പക്ഷെ കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ അയാളെന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി..... സ്ത്രീകളെക്കുറിച്ച് മനോഹരമായി സംസാരിച്ചുകൊണ്ട്....... അതിലുപരി എന്നിലെ അഹങ്കാരിയെയും നിഷ്കളങ്കതയെയും സ്ത്രീയെയും കുശുമ്പത്തിയെയും ഏറ്റവും മനോഹരമായി അയാൾ വായിക്കുന്നു......എന്റെ നെഗറ്റീവുകൾ ഒന്നൊന്നായി അമ്പുകൾ എയ്യും പോലെ പറഞ്ഞുകൊണ്ടിരുന്നു... ഇരുട്ടിനെ ഭയക്കുന്നവൾ ഏകാന്തതയിൽ നിന്നും ഒളിച്ചോടുന്നവൾ ചിലപ്പോൾ അറിഞ്ഞുകൊണ്ട് അതിലേക്ക് വഴുതി വീഴുന്നവൾ നീയെത്ര ഭീരുവാണ്....കഷ്ടം...ഇതെല്ലാം നിന്റെ ഉപബോധമനസ് ക്രിയേറ്റ് ചെയ്യുന്നതാണ്..നീയത് തിരിച്ചറിയാത്ത പക്ഷം എന്നും നീയൊരു ഭീരുവായി ജീവിക്കണം....
അയാളുടെ വാക്കുകൾ എന്നെ ദേഷ്യം പിടിപ്പിച്ചു...എന്റെ സുഹൃത്തുക്കൾ ആരും ആയിക്കൊള്ളട്ടെ എന്റെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് ഇറങ്ങിവരുന്നതോ അതേകുറിച്ച് സംസാരിക്കുന്നതോ എനിക്ക് തീരെ ഇഷ്ടമല്ല.. എന്റെ ദൗർബല്യങ്ങൾ മറ്റൊരാൾ തിരിച്ചറിയുന്നത് എനിക്കേറെ ബുദ്ധിമുട്ടാണ്..അതുപയോഗിച്ച് എന്നെ തളർത്തുക എനിക്കുനേരെ ചെക്മേറ്റ് വയ്ക്കുക വളരെ എളുപ്പമായിരിക്കും... എന്നെ മറ്റൊരാൾക്ക് അങ്ങനങ്ങു വിട്ടുകൊടുക്കാൻ എന്നിലെ അഹം സമ്മതിച്ചില്ല..വലിയ തർക്കങ്ങളിലേക്ക് കടന്നുചെന്ന് ശത്രുക്കളെപ്പോലെ ഞങ്ങൾ പിരിഞ്ഞു.....
പിന്നെയും എത്രയോ കാലങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ സംസാരിച്ചത്... അന്നയാളോട് അയാളുടെ തിരക്കഥയിലെ കുറവുകളെക്കുറിച്ച് ഞാൻ ഒരുമടിയും കൂടാതെ വലിയൊരു വിവരണത്തിലൂടെ പറഞ്ഞുകൊടുത്തു..അതുകേൾക്കുമ്പോൾ വേദനയോടെ ഒരു പെണ്ണ് തന്നെ ഇത്രത്തോളം വിമർശിക്കാൻ ധൈര്യം കാണിച്ചല്ലോ എന്ന നാണക്കേടോടെ എന്നോട് പിണങ്ങി രണ്ടുവർഷത്തേക്കെങ്കിലും മിണ്ടാത്ത വിധം ഓടിപോകുമെന്ന് കരുതിയാണ് അത്രയും തീവ്രമായി അയാളെ വിമർശിച്ചത്....പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ ചോദിച്ചു
''നീയെന്തുകൊണ്ട് ഇതൊന്നും വളരെമുമ്പേ എന്നോട് പറഞ്ഞില്ല.. ഒരു നല്ല എഴുത്തുകാരൻ അല്ലാത്തതുകൊണ്ട് തന്നെ എന്റെ തിരക്കഥയിൽ കുറവുകൾ തന്നെയാവും കൂടുതലായും ഉണ്ടാവുക... കുറച്ചുമുമ്പേ നീയിതൊക്കെ പറഞ്ഞിരുന്നെങ്കിൽ ഒരു തിരുത്തിയെഴുതലിന് എനിക്ക് കഴിഞ്ഞേനെ....''
''ഞാൻ കരുതി നിങ്ങളെന്നെ അഹങ്കാരി എന്നു വിളിച്ച് പുച്ഛിക്കുമെന്ന്....''
''പുച്ഛം എനിക്കല്ലല്ലോ..എന്റെ സ്വഭാവങ്ങളോടും രീതികളോടും എന്നും പുച്ഛം കാണിച്ചത് നീയല്ലേ..''
''അതും മനസിലാക്കിയോ...''
'' കള്ളത്തരം ഇല്ലാത്തവരെ വായിക്കാൻ എളുപ്പമാണ്..ഒരു പുസ്തകത്തിലെ വായിച്ചുനോക്കിയാൽ പെട്ടന്നു പഠിക്കാൻ കഴിയാവുന്ന ഏടാണ് നീ..''
'' എല്ലാ പെൺകുട്ടികളെയും വളയ്ക്കാൻ നോക്കുന്നതുപോലെ എന്നോട് വേണ്ട..അറിയാല്ലോ എന്നെ...''
''നിന്നോട് ഞാനത് ചെയ്യില്ല കുഞ്ഞേ.... ''
ആ വാക്കുകളിൽ അയാൾക്കെന്നോടുള്ള ശക്തമായൊരു ആത്മബന്ധം എനിക്കുവായിക്കാനായി..........
അയാളുടെ തുണിസഞ്ചിയിൽ നിന്നും പൊടിഞ്ഞുതുടങ്ങിയ തിരക്കഥ ഞാനെടുത്ത് കഷണങ്ങളായി കീറി തറയിലേക്ക് വലിച്ചെറിഞ്ഞു..നാലുവർഷത്തെ കഷ്ടപ്പാടുകൾ കാറ്റിൽ പറന്നതുകണ്ട് അയാൾ അത്ഭുതത്തോടെ നിന്നു.......
''നിങ്ങൾ നിങ്ങളേക്കുറിച്ചെഴുതൂ........നിങ്ങളിലെ താന്തോന്നിയെ തോന്നിവാസിയെ തന്നിഷ്ടക്കാരനെ ആളുകൾ സ്ക്രീനിൽ കാണട്ടെ...അവസാനം ഒരുവലിയ കയ്യടി ഉയരും...... നിങ്ങളെന്ന പച്ചയായ മനുഷ്യന് ജനങ്ങൾ നൽകുന്ന അംഗീകാരമായിരിക്കും അത്...നൂറുദിവസത്തെ ഏറ്റവും വലിയ അംഗീകാരം.......പുറമേ ഏറ്റവുമധികം തിന്മകൾ ചെയ്യുന്നു എന്നു തോന്നിക്കുന്ന ചിലരിൽ അതിലേറം നന്മകൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും...അതുകൊണ്ടുമാത്രമാണ് നമ്മളിന്നും ഏറ്റവും നല്ല കൂട്ടുകാരായിരിക്കുന്നത്............നിങ്ങൾ നിങ്ങളേക്കുറിച്ചെഴുതൂ.........

By
Megha V
(D.Ed Student Teacher-DIET Kottarakkara)
മനസ്വിനി
ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന സ്ത്രീകളിൽ ഒരാൾ അദ്ദേഹത്തിന്റെ കാമുകിയാണ്....
അദ്ദേഹം അവളെ കുറിച്ച് പറയുന്നതിനും എത്രയോ മുമ്പേ അവളെ ഞാൻ കണ്ടെത്തിയിരുന്നു.. ഹോട്ട് കേക്കിലെ രണ്ടാമത്തെ നിലയിലെ ഏറ്റവും പിറകിലെ എനിക്കേറ്റവും ഇഷ്ടമുള്ള സീറ്റിൽ അവൾ ഇരുന്നു...അവിടെയിരുന്നാൽ പുറത്തേക്ക് നീണ്ടുകിടക്കുന്ന റോഡ് കാണാം..റോഡിനെ അലങ്കരിച്ച് പാറിപറക്കുന്ന വാകപൂക്കൾ കാണാം..അതെ ഞാനോർക്കുന്നു അതൊരു മെയ്മാസം ആയിരുന്നു...
ഞാൻ മുകളിലേക്ക് പടികൾ ചവിട്ടി എത്തിയപ്പോൾ തന്നെ എന്റെ ഇഷ്ടമുള്ള സീറ്റിൽ ഇരുന്നു ഫോണിലൂടെ വിരലുകൾ ഓടിക്കുന്ന അവളെ ശ്രദ്ധിച്ചു..
''ആശ ദാസ് അല്ലേ...''
''എസ്...''
''ഞാൻ വേദിക രോഹിത്...''
രോഹിത് എന്ന് ഞാൻ പറയുമ്പോൾ അതിനൊരു കടുപ്പമുണ്ടായിരുന്നു..ആ പേരിനെ ഞാൻ വല്ലാണ്ട് മുറുകെ പിടിക്കുന്ന പോലെ അവൾക്ക് തോന്നിയിരിക്കാം...
'' രോഹിത് അവൻ നിങ്ങളുടെ മാത്രമാണ്...അതുകൊണ്ടു തന്നെ നിങ്ങൾ ഭാഗ്യവതിയാണ്..''
''പക്ഷെ ഈയിടെയായി അദ്ദേഹം എന്റേതല്ലന്നു എനിക്ക് തോന്നുന്നു ''
''അതെ...തോന്നുന്നു എന്നല്ലേ ...എസ് അത് വെറുമൊരു തോന്നൽമാത്രമാണ്... നിങ്ങളുടെ കണ്ണുകളിൽ ഞാൻ ഭയം കാണുന്നു.. എന്തിനാ പേടിക്കുന്നത്... നമ്മുടെ സ്നേഹം സത്യമാണങ്കിൽ നമ്മൾ സ്നേഹിക്കുന്നവർ ഒരിക്കലും നമ്മെ വിട്ടുപോവില്ല..നിങ്ങൾ നല്ലൊരു ഭാര്യയാണ്..രോഹിതിന് നിങ്ങളെ മറക്കാനോ വെറുക്കാനോ അസാധ്യമാണ്...''
''നിങ്ങളുടെ വാക്കുകൾക്ക് വല്ലാത്തൊരു മനോഹാരിതയുണ്ട്..രോഹിത് നിങ്ങളെ പ്രണയിക്കുന്നതിൽ അത്ഭുതമില്ല...''
''വേദികയ്ക്ക് അറിയാമോ ഏറ്റവും മനോഹരമായ വാക്കുകൾ പറയാൻ കഴിയുന്നവരാണ് ജീവിതത്തിൽ കൂടുതൽ വേദനകൾ അറിഞ്ഞിട്ടുണ്ടാവുക..ആ അനുഭവം നൽകുന്ന പാഠങ്ങളാണ് അവരെ മനോഹരമായി സംസാരിപ്പിക്കുന്നത്.. അത് പോട്ടെ...വേദിക എന്തുകൊണ്ടാണ് ഇപ്പോഴെന്നെ കാണണമെന്നു പറഞ്ഞത്....''
''എന്റെ ഭർത്താവിനെ തട്ടിയെടുക്കരുത് എന്ന് പറയാൻ... അദ്ദേഹത്തെ വെറുതെവിടണമെന്ന് പറയാൻ....''
''ഹഹഹഹ...അങ്ങനെ തട്ടിയെടുക്കാൻ പറ്റുന്നതാണോ സ്നേഹം...വേദികയെന്താ കുട്ടികളെപ്പോലെ സംസാരിക്കുന്നത്... ഞാനൊരിക്കലും ഒന്നും തട്ടിയെടുക്കാനോ ആരെയും ദ്രോഹിക്കാനോ ഇഷ്ടപ്പെടുന്നില്ല..എനിക്ക് രോഹിതിനെ ഇഷ്ടമായിരുന്നു..പക്ഷെ അദ്ദേഹം വിവാഹിതനാണന്ന് ഞാൻ അറിഞ്ഞിരുന്നില്ല ..അങ്ങനെയൊരു സംഭാഷണമോ ഒരു തുറന്നുപറച്ചിലുകൾക്കുള്ള സാഹചര്യമോ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല...എന്നിട്ടും ഞങ്ങൾക്കിടയിൽ തെറ്റുസംഭവിച്ചു..ഓഫീസിലെ ന്യൂയർ പാർട്ടി കൂട്ടുകാരുടെ തമാശ മദ്യ ലഹരി.....എനിക്കെന്നും രോഹിത് അഭിനിവേശമായിരുന്നു..അടാങ്ങാത്ത ഇഷ്ടം..ഒരുപക്ഷെ രോഹിത് വിവാഹിതനാണ് എന്നറിഞ്ഞിരുന്നു എങ്കിൽ ഞാനെന്റെ ഇഷ്ടത്തെ നുള്ളികളയുമായിരുന്നു...''
''നിങ്ങൾ എത്ര നിസാരമായി തെറ്റിനെ കുറിച്ച് സംസാരിക്കുന്നു...ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ നിന്ന് ഉരുകി ഇല്ലാതാവുകയാണ്... എങ്ങനെ കഴിയുന്നു രണ്ടുവരികൾ കൊണ്ട് ചെയ്ത ഒരു മഹാപാപത്തെ പറഞ്ഞവസാനിപ്പിച്ച് ഇങ്ങനെ നിന്നു പുഞ്ചിരിക്കാൻ...''
''ഈ ചിരിയാണ് എന്നെ വീണ്ടും വീണ്ടും ജീവിപ്പിക്കുന്നത്.... ഈ ചിരി മുഖത്ത് കൊണ്ടുവരാൻ പറ്റാത്ത പക്ഷം ഞാനിവിടെ വെറുമൊരു പെണ്ണായി മാറും...നിറഞ്ഞകണ്ണുകളോടെ ഇനി എന്ത് എന്നറിയാതെ ആ റോഡിനപ്പുറത്തേക്ക് നോക്കി കെ കെ രാജീവ് സീരിയലുകളിലെ നായികയെ പോലെ.....എന്തൊരു ബോറാണത്....''
''ആശ പറയൂ...ഞാൻ ഒഴിഞ്ഞു തരണോ...തരാം....രോഹിതിന്റെ ഈ അവസ്ഥ എനിക്കിനി കാണാൻ വയ്യ...അദ്ദേഹം എന്റെ മുഖത്തു നോക്കുന്നില്ല..എന്നോട് മിണ്ടുന്നില്ല..ആഹാരം കഴിക്കുന്നില്ല..ആദ്യമായി അദ്ദേഹം ഇന്നലെ മദ്യപിച്ചു.. ഞാനൊഴിഞ്ഞുകൊടുക്കണമെന്ന് പറയാതെ പറയുന്നതാണോ അത്...എനിക്കിനി അതൊന്നും കാണാൻ കഴിയില്ല.. വീടിന്റെ താക്കോൽക്കൂട്ടം ആശയെ ഏൽപ്പിച്ച് ഞാൻ തിരിച്ചു പോവാനും തയ്യാറാണ്... അദ്ദേഹം ഇങ്ങനെ നശിക്കുന്നത് എനിക്ക് സഹിക്കാനാവുന്നില്ല....''
''വിഡ്ഢിത്തം പറയാതിരിക്കൂ..... രോഹിത് ഒരു നല്ല വ്യക്തിയാണ്...അതിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ ഈ പെരുമാറ്റങ്ങൾ...സംഭവിച്ച കാര്യങ്ങൾ വേദികയോട് പറയാൻ കഴിയാത്തതിന്റെ കുറ്റബോധവും വേദനയും കൊണ്ടാണ് അയാൾ അങ്ങനെ പെരുമാറുന്നത്...അത്രയും വേദനിച്ചിരിക്കുന്ന ഒരു മനുഷ്യനെ ഉപേക്ഷിച്ചു പോയാൽ അയാൾ നന്നാവുകയല്ല നശിക്കുകയേ ഉള്ളൂ... നിങ്ങൾ രണ്ടുപേരും ഭയക്കുന്നത് എന്നെയാണ്...''
'' ആശ പിന്നെ ഞാനെന്താ ചെയ്യേണ്ടത്...''
''എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല..രോഹിത് എന്നോട് കാണിച്ച തെറ്റ് ക്ഷമിക്കാൻ ഞാൻ തയ്യാറാണ്..കാരണം രോഹിതിനോടുള്ള പ്രണയംകൊണ്ട് ഇതൊരു വിഷയമാക്കി അയാളെ നേടിയെടുക്കാൻ ഞാൻ ശ്രമിച്ചാൽ 100% അതൊരു പരാജയമാണ്...''
''കാരണം.....''
''ഒരു പുരുഷന് ശരീരം പങ്കുവയ്ക്കാൻ ആവുന്നതല്ല പ്രണയം.....അങ്ങനെയെങ്കിൽ ഈ നാട്ടിൽ വേശ്യകൾ ഉണ്ടാവുമായിരുന്നില്ല...മനസ്സുകൾ പങ്കുവയ്ക്കുന്നതാണ് പ്രണയം..... അവിടെ ജയിക്കുന്നത് നിങ്ങളാണ്.... മനസ്സുകൾ പങ്കുവച്ച് ശരീരത്തിലേക്കിറങ്ങുന്നത് പ്രണയമാണ്...പക്ഷെ അദ്ദേഹം മനസ്സ് എനിക്ക് തന്നിട്ടില്ല....''
''മ്.......ആയിരിക്കാം.....''
''അതെ...പിന്നെ നിങ്ങൾ പരസ്പരം മനസ്സുതുറന്നു സംസാരിച്ചാൽ നിങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ദൃഢമാവുകയേ ഉള്ളൂ..അപ്പോൾ അവിടെ വിഡ്ഢിയാവുന്നതും ഞാനാണ്....അതുകൊണ്ടു തന്നെ ഞാൻ നിങ്ങൾ രണ്ടുപേരുടെയും ജീവിതത്തിൽ നിന്നും ബൈ പറയുകയാണ്.....ആദ്യമേ പറഞ്ഞല്ലോ ഞാനൊന്നും തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നില്ല...''
അന്നവൾ യാത്രപറഞ്ഞതാണ്...എവിടെ ജീവിക്കുന്നു എങ്ങനെ ജീവിക്കുന്നു എന്നൊന്നും അറിയില്ല..എങ്കിലും അവളിന്നും രോഹിതിനെ ഓർത്തു ജീവിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ടോ..... അത് വെറുമൊരു തോന്നൽ മാത്രമായിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാറുണ്ട്....
By
Megha V
(D.Ed Student Teacher-DIET Kottarakkara)

പെണ്ണിന്റെ മുലകൾ

മാറിലൊരു ഭാരവും താങ്ങി സാരികൊണ്ടെത്ര ഒതുക്കിയിട്ടും ഒതുക്കിനിർത്താനാവാത്ത മുലകളെ മുറിച്ചുകളയണമെന്നാവശ്യപ്പെട്ട് അവൾ ഡോക്ടറുടെ മുന്നിൽ ചെന്നിരുന്നു......
ഡോക്ടർ കണ്ണുതള്ളി. ഒരു പെണ്ണിൽ നിന്നും അതുവരെ കേൾക്കാത്ത വാക്കുകൾ...ഒരു പെണ്ണിൽ നിന്നും പ്രതീക്ഷിക്കാത്ത വാർത്തകൾ.....
ഡോക്ടർക്ക് എന്തുപറയണമെന്നറിയാതെ ഒരു നിമിഷം നിശബ്ദമായി ഇരിക്കേണ്ടി വന്നു...
''കുട്ടി എന്ത് വിഡ്ഢിത്തമാണ് ഈ പറയുന്നത്‌.....''
''വിഡ്ഢിത്തമല്ല. തീരുമാനമാണ്..വയ്യ മടുത്തു.. ഡോക്ടർക്കറിയാമോ തടിവയ്ക്കുന്നതല്ല ഭൂരിഭാഗം പെൺകുട്ടികളുടെയും പ്രശ്നം... പതിനെട്ടുവയസിലും നാൽപതുവയസിന്റെ വലുപ്പം തോന്നിക്കുന്ന ഈ മുലകൾ ഞങ്ങൾക്കുണ്ടാക്കുന്ന അപമാനം എത്ര വലുതാണന്ന് ഡോക്ടർക്കറിയാമോ...
ഏതു വസ്ത്രമെടുത്തണിഞ്ഞാലും കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്നുനോക്കുമ്പോൾ ഊരിയെറിഞ്ഞു പോകും.. പുറത്തേക്ക് പോയാൽ കേൾക്കുന്ന പതിനഞ്ചുകാരന്റെ മുതൽ അറുപതുകാരന്റെ വരെ വായിൽ നിന്നുകേൾക്കുന്ന അശ്ളീലം നിറഞ്ഞ കമന്റുകൾ..തിരക്കുള്ള ബസിൽ കയറിയാൽ കണ്ടക്ടർ ഏറ്റവും പിറകിലേക്ക് തള്ളിമാറ്റും..എത്ര ഒതുങ്ങിയാലും ചില കണ്ണുകൾ നെഞ്ചിലൂടെ ഓടികളിച്ചുകൊണ്ടേയിരിക്കും... എത്ര ഒളിപ്പിച്ചാലും അകത്തേക്ക് ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ കുത്തിപൊട്ടിക്കാൻ കഴിയാത്തതുകൊണ്ട് എന്റെ മാറിനെ മുറിച്ചുകളയാൻ ഞാൻ തീരുമാനിച്ചതാണ്...പരിഹാസങ്ങളും അവഗണനകളും കേട്ടുമടുത്തു..തടിവയ്ക്കുന്നതല്ല ഞങ്ങളുടെ പ്രശ്നം..മാറിലേക്ക് നോക്കിയുള്ള പരിഹാസങ്ങളും അവഗണനകളും അശ്ളീലം നിറഞ്ഞ വാക്കുകളുമാണ് ഞങ്ങളെ ഇല്ലാതാക്കുന്നത്......ഈ ഭാരം ചുമക്കാൻ എനിക്കിനി വയ്യ....''
അവളുടെ വാക്കുകൾകേട്ട് ഡോക്ടർ ചാടിയെഴുന്നേറ്റു...
''നോക്കുന്നവർ നോക്കട്ടെ..പറയുന്നവർ പറയട്ടേ..... നിനക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് ധൈര്യപൂർവ്വം നീ ലോകത്തേക്കിറങ്ങൂ...നിന്റെ കണ്ണുകളിലെ ധൈര്യം മറ്റുള്ളവരുടെ ശബ്ദത്തെ ഇടറിക്കും... ഒളിപ്പിക്കുമ്പോഴാകാം എത്തിനോക്കാൻ തോന്നുന്നത്‌.പതറുമ്പോഴാകാം ചവിട്ടിതാക്കാൻ തോന്നുന്നത്.... നിന്നെ പരിഹസിക്കുന്ന ഓരോരുത്തരും അമ്മയുടെ മുലപ്പാൽകുടിച്ചു വളർന്നവരാണങ്കിൽ മൂന്നാമത്തെ നോട്ടത്തോടെ അവനതു നിർത്തും...പിന്നീട് കണ്ണുകൾ ഓടികളിക്കില്ല. നിന്റെ സ്വാഭാവികമായ ആത്മവിശ്വാസത്തോടെയുള്ള നടത്തം അവനെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കും....
കഴുകന്മാരുടെ നോട്ടത്തെഭയന്ന് അറുത്തെറിയാനുള്ളതല്ല സ്ത്രീയുടെ മാറ്..... അവളെ കുഞ്ഞ് അമ്മയെന്ന് വിളിക്കുന്നത് ആ മുലപ്പാൽ നൽകുന്ന കരുതലിലൂടെയാണ്.....
റെയിൽവേ സ്റ്റേഷനിലും ബസിലും ഒക്കെ അമ്മ കുഞ്ഞിനു മുലയൂട്ടുമ്പോൾ ചുറ്റും നിന്ന് പുരുഷന്മാർ സ്വയം മാറികൊടുത്ത് അവൾക്ക് സ്വകാര്യത നൽകുന്നത് കണ്ടിട്ടില്ലേ....മാതൃത്വത്തെ അത്രയേറെ ബഹുമാനിക്കുന്നുണ്ട് ലോകം..... സ്ത്രീയുടെ മാറിനെ ഒരു അശ്ളീലവസ്തുവായി കാമത്തിനുവേണ്ടിമാത്രമുള്ള ഒരുപാധി മാത്രമായി ഒരാണും ഇന്ന് കാണുന്നില്ല......മാതൃത്വത്തിന് പൂർണ്ണതവരുത്തുന്ന അമ്മിഞ്ഞയെ അവൻ പുച്ഛിക്കുകയോ പരിഹസിക്കുകയോ ഇടിഞ്ഞുതൂങ്ങിയ മാറെന്നുപറഞ്ഞ് ആക്ഷേപിക്കുകയോ ചെയ്യില്ല.... വിരലിൽ എണ്ണാവുന്ന പത്തുപേർ ഒരുപക്ഷേ നിന്നെ വാക്കുകൾകൊണ്ടും നോട്ടംകൊണ്ടും വേദനിപ്പിച്ചിരിക്കാം.. ആ പത്തുപേരെ മറന്നുകൊണ്ട് ലോകത്തെ കോടികണക്കിനു പുരുഷന്മാരിലേക്ക് നീയൊന്നു നോക്കൂ.... വണ്ണംകൊണ്ട് നടക്കാൻ പോലും പ്രയാസമുള്ള ഒരു സ്ത്രീ വണ്ടിതട്ടി റോഡിലേക്ക് വീണപ്പോൾ എത്രയോ പുരുഷന്മാർ ഓടിയെത്തി അവരെ സഹായിക്കുന്നു.അവരുടേ പ്രശ്നം മനസിലാക്കി അതനുസരിച്ച് പെരുമാറുന്നു.നെഞ്ചിൽ നിന്ന് മാറികിടക്കുന്ന ഷാളുപിടിച്ചിടാൻ പറയാൻ ധൈര്യം കാണിക്കുന്ന അമ്മയ്ക്കുപിറന്ന എത്രയോ ആൺമക്കളുണ്ട് ഇന്ന് നമ്മുടെ നാട്ടിൽ...അമ്മയോ ചേച്ചിയോ പുറത്തേക്കിറങ്ങുമ്പോൾ അമ്മേ ബ്രയ്സർ നേരെ പിടിച്ചിടൂ പാവാട കാണുന്നു എന്ന് സ്വാഭാവികമായി പറഞ്ഞുകൊണ്ട് അവരുടെ ശരീരത്തെ ബഹുമാനിക്കുന്ന എത്രയോ ആൺകുട്ടികൾ ഉണ്ടന്നോ......കണ്ണുതുറന്നുനോക്കൂ....അവഗണിക്കുന്നവർക്കു പകരം പരിഗണിക്കുന്ന പതിനായിരംപേരെ നിനക്കുകാണാൻ കഴിയും............''
പിന്നീടവൾ ഒന്നും മിണ്ടിയില്ല.... ചുണ്ടിലൊരു നിറഞ്ഞപുഞ്ചിരിയുമായി അവൾ ധൈര്യപൂർവ്വം ലോകത്തേക്കിറങ്ങി..............
By
Megha V
(D.Ed Student Teacher-DIET Kottarakkara)



അച്ഛനു സുഖമില്ലാതായപ്പോഴാണ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടായത്... അമ്മ റിട്ടേര്‍ഡ് ആയതുകൊണ്ട് കിട്ടുന്ന പെന്‍ഷന്‍ തുക അച്ഛന് അസുഖം ആയപ്പോഴേക്കും ഒന്നിനും തികയാതെ വന്നു....
ആഴ്ച തോറും ചികിത്സയ്ക്കായി ചിലവാകുന്ന വലിയ തുക പതിയെ പതിയെ അമ്മയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായി..
ജംഗ്ഷനില്‍ അടച്ചിട്ടിരുന്ന കട പുതുക്കിയെടുത്ത് ഫോട്ടോസ്റ്റാറ്റും നോട്ട് ബുക്കും സാധനങ്ങളും കൊണ്ട് വച്ചത് അങ്ങനെയാണ്..വലിയ ലാഭമൊന്നും ഉണ്ടന്നു തോന്നാതിരുന്നപ്പോള്‍ ആണ് കടയുടെ ഒരു വശത്ത് ഞാന്‍ ട്യൂഷന്‍ എടുത്ത് തുടങ്ങുന്നത്... ക്ളാസ്സ് കഴിഞ്ഞ് വന്ന് നാലരയ്ക്ക് കുട്ടിയോളെ പഠിപ്പിച്ചു തുടങ്ങും...
അങ്ങനെയൊരു വൈകുംന്നേരമാണ് എന്റെ ജീവിതം തന്നെ മാറി പോയത്....
ആറ് വയസ്സുകാരി നന്ദകുട്ടി പ്രതീക്ഷിക്കാതെ റോഡിലേക്ക് ചാടിയിറങ്ങിയതും ഒരു കാര്‍ വന്ന് മുന്നില്‍ നിര്‍ത്തിയതും ഒരേ സമയം ആയിരുന്നു..ആരോ കുഞ്ഞിനെ വലിച്ച് അകത്തേക്കിട്ട് ഒരുപോക്ക്..ടീച്ചറേന്നുള്ള ഒരു നിലവിളി മാത്രമേ ഞാന്‍ കേട്ടിള്ളൂ... എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു..എല്ലാ കുട്ടികളെയും അപ്പോള്‍ തന്നെ വീട്ടില്‍ പറഞ്ഞയച്ച് ഞാന്‍ ബസില്‍ കയറി എന്റെ കോളേജിനടുത്തിറങ്ങി...ആ കാര്‍ ഇതിനു മുമ്പ് കണ്ട രണ്ടുമൂന്ന് സ്ഥങ്ങളില്‍ അനേഷിച്ചു...
ആ കുഞ്ഞിനെ കണ്ടെത്താന്‍ ആയില്ലങ്കില്‍ ഈ രാത്രിയോടെ ജീവിതം അവസാനിപ്പിക്കണം എന്നുറപ്പിച്ച് റെയില്‍ വേ സ്റ്റേഷന്റെ പിറകുവശത്തെ റോഡിലൂടെ അര്‍ത്ഥമില്ലാതെ ഞാന്‍ നടന്നു നീങ്ങി..നന്ദയുടെ മുഖമാണ് ഉള്ളു നിറയെ..അവളെ വിട്ടിട്ട് എന്നെ കൊണ്ടുപൊയ്ക്കൂടായിരുന്നോ അവര്‍ക്ക്..അവളൊരു പിഞ്ചു കുഞ്ഞല്ലേ..അവളെ എന്തിനാണവര്‍ക്ക്..
നെഞ്ചു പിടയുന്ന വേദനയോടെ എങ്ങോട്ട് പോകണമെന്നറിയാതെ അവിടെ നിന്നു..
തൊട്ടുപിറകില്‍ നിന്ന് ആരോ വിളിച്ചു ..ഞാന്‍ തിരിഞ്ഞുനോക്കി..ടെ്രയില്‍ വരുന്നുണ്ട്.മാറി നില്‍ക്ക് എന്ന് ആംഗ്യം കാണിക്കുകയാണ് അയാള്‍.. ദൈവം തള്ളിമാറ്റിയതുപോലെയാണ് ഞാന്‍ അപ്പുറത്തേക്ക് വീണത്..
അയാള്‍ ഓടി വന്നു..
''ഒന്നും പറ്റിയില്ലല്ലോ...''
ഞാന്‍ വിങ്ങികരഞ്ഞു ...
''എന്തുപറ്റി..''
''നന്ദ ..നന്ദയെ കാണുന്നില്ല...''
ഞാന്‍ വിവരങ്ങളൊക്കെ അയാളോട് പറഞ്ഞു..
പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനായി ഞങ്ങള്‍ അവിടേക്ക് ചെന്നു..ആകെ കുഴഞ്ഞു..ഞങ്ങള്‍ ആരാണെന്നാണ് എസ് എെക്ക് ആദ്യം അറിയേണ്ടത്.. ഞങ്ങളെ പ്രതികള്‍ ആക്കുന്ന വിധത്തിലായിരുന്നു അയാളുടെ സംസാരം.. അനാവശ്യം പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചതിന് എന്റെ ചെവിക്കല്ല് നോക്കി അയാള്‍ ഒരടി തന്നു..
''പ്രതിയാരാ വാദിയാരാ എന്നറിയാത്ത ഇഈ കാലത്ത് ഇങ്ങനൊക്കെ ചോദ്യം ചെയ്യാനെ ഞങ്ങള്‍ക്ക് കഴിയൂ..ആരെ വിശ്വസിക്കണം എങ്ങനെ വിശ്വസിക്കണം.....''
പൊട്ടിതെറിച്ചുകൊണ്ട് അയാള്‍ എന്തൊക്കയോ പറയുന്നുണ്ട്..എല്ലാം കൊണ്ടും തളര്‍ന്ന ഒരവസ്ഥയില്‍ ഞാനിരുന്നു..എന്റെ കൂടെ വന്നയാളും അങ്ങോട്ട് വരാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഇരിക്കുകയാണ്...
അപ്പോഴാണ് എസ് എെയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്....അയാളുടെ മകള്‍ അപകടത്തില്‍ പെട്ടു..പെട്ടന്ന് A _ ve blood വേണം... അയാള്‍ ചത്ത ശവം പോലെ കസേരയില്‍ നിശ്ചലനായി ഇരുന്നു.എന്റെ മോള് പോയടോ'' എന്നു പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു..
എന്റെ കൂടെ വന്നയാള്‍ A _ve ആണന്നു പറഞ്ഞതും ഞങ്ങള്‍ മൂന്നുപേരും പോലീസ് ജീപ്പില്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞു... പോകുന്നവഴിക്ക് വച്ച് വീടിനടുത്തെ ജംഗ്ഷനില്‍ വച്ച് അയല്‍വാസികള്‍ പലരും ഞാന്‍ ജീപ്പില്‍ ഇരിക്കുന്നതു കണ്ടു..അവരുടെ അത്ഭുതത്തോടെയുള്ള നോട്ടം കണ്ടപ്പോഴെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഞാന്‍ ഊഹിച്ചിരുന്നു.......
ഹോസ്പിറ്റലില്‍ എത്തി കുഞ്ഞിന് രക്തം നല്‍കി കുഞ്ഞിന്റെ നില ഗുരുതരമല്ലന്ന് ഉറപ്പായപ്പോള്‍ ആണ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയത്....സമയം രാത്രി പത്ത്... എന്നെ സ്റ്റോപ്പില്‍ ഇറക്കിവിട്ടിട്ട് അയാളും പോയികഴിഞ്ഞു. വീട്ടിലേക്ക് കയറി ചെന്ന എന്റെ ചെവിക്കല്ല് നോക്കി ചോദ്യങ്ങള്‍ ഒന്നുമില്ലാതെ അച്ഛന്‍ രണ്ടു തന്നു...
അച്ഛനെന്നെ കൊല്ലാതിരിക്കാന്‍ അമ്മയെന്നെ വലിച്ചിഴച്ച് മുറിയില്‍ ഇട്ട് പുറത്തുന്ന് പൂട്ടി....
എന്നോട് എന്തെങ്കിലുമൊന്ന് ചോദിക്കാമായിരുന്നില്ലേ അവര്‍ക്ക്......
പുറത്ത് നിന്ന് അച്ഛന്റെ അലര്‍ച്ച .... നിശ്ചയം ഉറപ്പിച്ചു വച്ച പെണ്ണാ..ഇവളെ ഒരുത്തനുമായി പോലീസ് ജീപ്പില്‍ കണ്ടന്നു പറഞ്ഞാല്‍ എന്താ അതിനര്‍ത്ഥം...എന്താ ഉണ്ടായത് എവിടെ പോയതാ എന്തെങ്കിലും ഒന്ന് വിളിച്ചു പറഞ്ഞോ അവള്‍...നന്ദയുടെ അച്ഛന്‍ വിളിച്ച് ആ കുട്ടിയെ കാറില്‍ പിക് ചെയ്തോണ്ടു പോയത് അയാളാണന്നും അവളുടെ ഫോണില്‍ പറയാന്‍ വിളിച്ചിട്ടു കിട്ടുന്നില്ലന്നും പറഞ്ഞപ്പോള്‍ മുതല്‍ ഇവളെ വിളിക്കുവാ ഞാന്‍...കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ അസത്ത് എവിടെ പോയി കിടക്കുവായിരുന്നു അന്നേരം....''
അച്ഛന്റെ സംസാരം കേട്ട് സന്തോഷത്തോടെ ഞാന്‍ ചാടിയെണീറ്റു...
''അമ്മേ നന്ദ കുട്ടി അവളുടെ വീട്ടില്‍ ഉണ്ടോ.....''
''ഉണ്ട് മോളേ..അവളുടെ അച്ഛന്‍ വിളിച്ചായിരുന്നു...''
''അമ്മ മര്യാദയ്ക്ക് കതകു തുറക്ക്..ഇല്ലങ്കില്‍ ഞാനിത് ചവിട്ടിപൊളിക്കും....''
വീട്ടില്‍ നിന്നും ഒന്നുപറയാതെ നന്ദയുടെ വീട്ടിലേക്ക് ഏന്തി വലിഞ്ഞ് നടന്നു....
''നന്ദയുടെ അച്ഛനുണ്ടോ അകത്ത്...''
''ഉണ്ടല്ലോ ഞാനാണ്...എന്താ കാര്യം...''
''എന്തിനാ വൈകിട്ട് നന്ദയെ പിടിച്ച് വലിച്ച് കാറില്‍ കയറ്റിയത്...''
''ഹഹഹ അതവള്‍ക്കൊരു സര്‍പൈ്രസ് കൊടുത്തതാ.....''
അയാളുമുഖത്തെ പൊട്ടിച്ചിരികണ്ട് ചെരുപ്പൂരി ചെവികല്ല് നോക്കി ഒരെണ്ണം പൊട്ടിച്ച് തിരികെ നടന്നു...

By
Megha V
(D.Ed Student Teacher-DIET Kottarakkara)


ഒരു നിമിഷത്തെ ഇടവേളയില്‍ അദ്ദേഹമെന്റേ മടിയിലേക്ക് ചാഞ്ഞിരിക്കുന്നു...എന്റെ വിരലുകളെ മുടിയില്‍ തലോടാന്‍ പറഞ്ഞുകൊണ്ട് കണ്ണുകള്‍ അടച്ചുപിടിച്ച് അയാള്‍ വേദനയെ കടിച്ചുപിടിച്ചിരിക്കുന്നു....
ഭയന്നുകൊണ്ട് ചാടിയെഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കണ്ണുകള്‍ തുറന്നു..
''ഞാന്‍ ഏതാനും മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ ദിവസത്തിനുള്ളില്‍ മരിച്ചേക്കാം.. എനിക്ക് ഈ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്..എഴുന്നേറ്റ് പോകരുത്.. എന്റെ മുടിയിലൂടെ വിരലുകള്‍ ഒന്നോടിക്കൂ..എങ്ങനെയെങ്കിലും ഞാനൊന്നു മയങ്ങട്ടെ...''
''ഒരു ചോദ്യചിഹ്നവുമായി നിശ്ചലമായി ഞാനിരുന്നു പോയി.... എന്തൊക്കെ വിചിത്ര സംഭവങ്ങളാണ് ഉണ്ടാവുന്നത്..
ഒരു കഥ മനസ്സിലേക്ക് വന്നതാണ്..വിരലുകള്‍ എഴുതി തുടങ്ങാന്‍ ഇണങ്ങിയപ്പോഴാണ് പെട്ടെന്നിതൊക്കെ സംഭവിച്ചത്...
''ആ കറുത്ത ബാഗില്‍ ഒരു ഗുളിക കിടപ്പുണ്ട്..ഒന്നെടുക്കാമോ....''
ആയുസ്സ് തീരാറായ ഒരു മനുഷ്യന്റെ എല്ലാ വെപ്രാളവും അയാളുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു..
ബാഗ് എത്തിപിടിച്ച് ഗുളിക തിരഞ്ഞപ്പോള്‍ ആണ് ആ പുസ്തകങ്ങള്‍ ശ്രദ്ധിക്കുന്നത്...
ജാനകി രാമചന്ദ്രന്റെ അഞ്ചു നോവലുകള്‍.. ആത്മകഥ ചെറുകഥ നോവല്‍ അങ്ങനെ അഞ്ചെണ്ണം...ഞാനൊന്നു ചിരിച്ചുപോയി.ഗുളിക കഴിച്ച് അയാള്‍ നെറ്റി അമര്‍ത്തി പിടിച്ചുകൊണ്ട് വീണ്ടും മടിയിലേക്ക് ചാഞ്ഞു..
''ജാനകി രാമചന്ദ്രനെ അറിയാമോ...?''
'' അറിയാല്ലോ. എഴുത്തുകാരി മനോഹരമായി നുണകള്‍ എഴുതിപിടിപ്പിച്ച് മനസ്സിനെ പിടിച്ചുകുലുക്കി കഥകളുടെ ലോകത്തിലേക്ക് മനസ്സിനെ വലിച്ചെറിയുന്നവള്‍''
''എത്ര മനോഹരമായി നിങ്ങളവരെ മനസ്സിലാക്കിയിരുന്നു.''
''മ്. ഞാനവര്‍ക്ക് കത്തുകള്‍ എഴുതുമായിരുന്നു. മറുപടി എഴുതാറില്ല.. എഴുത്തുകാര്‍ക്കെവിടുന്ന കത്തെഴുതാന്‍ നേരം.. ''
''മ്..എന്താ നിങ്ങളുടെ പേര്...''
''രവീന്ദ്ര കുമാര്‍ ''
ഓരോ ആഴ്ചയിലും മുടങ്ങാതെ വന്നുകൊണ്ടിരുന്ന ആ കത്തുകളെ കുറിച്ച് ഞാനോര്‍ത്തു..ജാനകി രാമചന്ദ്രനെ വരികള്‍ക്കിടയിലൂടെ ഇത്രത്തോളം വായിച്ചറിഞ്ഞ മറ്റൊരു മനുഷ്യന്‍ ഉണ്ടാവില്ല.. ആദ്യമൊക്കെ വിമര്‍ശനങ്ങളായി വന്ന കത്തുകള്‍..ജാനകി രാമചന്‌രന്റെ എഴുത്തിലെ ശരിതെറ്റുകള്‍ ശക്തമായി ചൂണ്ടികാണിച്ചു വിമര്‍ശിച്ച ഒരേ ഒരാള്‍.. രവീന്ദ്ര കുമാറിന്റെ കത്തുകളാണ് ജാനകിയെ ശക്തയാക്കിയത്..വിരലുകള്‍ക്ക് ബലം നല്‍കി അക്ഷരങ്ങളെ അമ്പെയ്തു വിടാന്‍ പരിശീലിപ്പിച്ചത് ആ കത്തുകളാണ്..പിന്നീട് അഭിനന്ദനങ്ങളായി മാറി.. ഒരിക്കല്‍ പോലും തിരിച്ചൊരു കത്തെഴുതാന്‍ തോന്നിയില്ല..രവീന്ദ്ര കുമാറിന്റെ കത്തുകള്‍ ആസ്വദിക്കാന്‍ മാത്രമാണ് അപ്പോഴൊക്കെ തോന്നിയത്..ഇടയ്ക്ക് പെട്ടന്നാണ് കത്തുകള്‍ വരാതായത്.. പോസ്റ്റ് മാനോട് രവീന്ദ്ര കുമാറിന്റെ കത്ത് നഷ്ടപ്പെടുത്തി കളഞ്ഞതാണെന്നും പറഞ്ഞ് എത്ര തവണ വഴക്കിട്ടിരിക്കുന്നു..അയാള്‍ കത്തുകള്‍ മുടക്കില്ലന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു..പക്ഷെ....
പിന്നീട് അദ്ദേഹത്തെ കുറിച്ചൊരു അനേഷണമായിരുന്നു..ഒരു തുമ്പു പോലും കിട്ടിയില്ല..ഇപ്പോഴിതാ ബസിലേക്ക് ഓടികയറി എന്റെ അനുവാദം പോലും ചോദിക്കാതെ മടിയിലേക്ക് ചാഞ്ഞിരിക്കുന്നു...
ഈ മനുഷ്യന്റെ കത്തുകളെ ഇത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് കത്തുകള്‍ വരാതായപ്പോള്‍ ആണ് തിരിച്ചറിയുന്നത്...
എന്തുകൊണ്ടോ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി..
സ്നേഹത്തോടെ മുടിയിഴകളിലൂടെ ഞാന്‍ തലോടി...
''എന്തുപറ്റി ഇത്രമാത്രം തലവേദന ഉണ്ടാവാന്‍...''
''ബ്രെയിന്‍ ടൂമര്‍..... വയ്യ ഇനിയിതു സഹിക്കാന്‍ ആവില്ല.........''
ഉള്ളില്‍ ഇടി മുഴങ്ങുന്നതുപോലെ..ഈശ്വരന്‍ എന്തിനാണ് ഇത്ര വലിയ ശിക്ഷ അയാള്‍ക്കു കൊടുത്തത്.. ഇനിയൊരു പക്ഷെ ഈ രോഗത്തിനിടയില്‍ കത്തുകള്‍ അദ്ദേഹം എഴുതിയെന്നു വരില്ല..
ഒരു കത്തിനെങ്കിലും ഞാന്‍ മറുപടി എഴുതിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ വേദനകളെയും എന്നിലേക്ക് വലിച്ചെടുത്തുകൊണ്ട് അദ്ദേഹത്തെ ഈ അസുഖത്തില്‍ നിന്നും അല്‍പമെങ്കിലും രക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞേനെ.
എനിക്ക് എന്നോട് വല്ലാത്ത ദേഷ്യം തോന്നി...
''ഞാന്‍ നിങ്ങള്‍ക്കൊരു സമ്മാനം തരട്ടെ...''
''എന്ത് സമ്മാനം.''
.കണ്ണുകള്‍ അടച്ചുകൊണ്ട് അയാള്‍
ചോദിച്ചു...
''നിങ്ങള്‍ ജാനകിയെ കണ്ടിട്ടുണ്ടോ....''
''ഇല്ല...''
''കാണണ്ടേ....''
അയാള്‍ പെട്ടെന്ന് കണ്ണു തുറന്നു.....എഴുന്നേറ്റിരുന്നു....
''അതൊന്നും നടക്കില്ല..ഒരു കത്തിനു പോലും മറുപടി അയക്കാത്തത് അവര്‍ക്ക് ആരാധകരുമായി സഹകരിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടല്ലേ.ശല്യം ചെയ്യുന്നില്ല.......''
ഹഹഹ...''
''പെട്ടെന്നാണ് അയാള്‍ പുറത്തേക്ക് നോക്കിയത്...ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്നു പറഞ്ഞുകൊണ്ട് അയാള്‍ പ്രതീക്ഷിക്കാതെ ബസില്‍ നിന്നും ചാടിയിറങ്ങി...
ബസിലെ ജനാലവഴി ഞാനുറക്കെ അദ്ദേഹത്തെ വിളിച്ചു....
''എന്റെ പേരു ചോദിക്കുന്നില്ലേ....''
''പേര് അറിയാം..ജാനകി രാമചന്ദ്രന്‍ അല്ലേ.....എന്തുകൊണ്ടോ നിങ്ങളെന്നെ സ്നേഹത്തോടെ തലോടിയപ്പോള്‍ തള്ളികളായാതെ കുഞ്ഞിനോടെന്ന പോലെ പെരുമാറിയപ്പോള്‍ ഞാന്‍ ജാനകിയുടെ വരികള്‍ ഓര്‍ത്തുപോയി........''
പിന്നീടൊരിക്കലും അദ്ദേഹം കത്തുകള്‍ എഴുതിയിട്ടില്ല...തലയിലെ ക്രൂരമായ വേദനയും താങ്ങി മരണത്തിലേക്കാവാം ഒരുപക്ഷെ അയാള്‍ പോയിട്ടുണ്ടാവുക...
എങ്കിലും പ്രതീക്ഷയോടെ ഞാനദ്ദേഹത്തിനു കത്തുകള്‍ എഴുതികൊണ്ടേയിരുന്നു..എത്രയെഴുതിയാലും അവസാനിക്കാത്തത്ര കഥകളും ചുമന്നുകൊണ്ട് ആ കത്തുകള്‍ ഒരുപക്ഷെ ഒരു ചോദ്യചിഹ്നമായി പറക്കുന്നുണ്ടാവാം......

By
Megha V
(D.Ed Student Teacher-DIET Kottarakkara)

Comments

Popular posts from this blog

ഡയറ്റിലെ വായനാദിനാചരണം

കൊട്ടാരക്കര:ഗ്രന്ഥശാല  പ്രസ്ഥാനത്തിന് കരുത്തു പകർന്ന പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19ന് കൊട്ടാരക്കര ഡയറ്റിലും വായനാദിനാചരണം വർണ്ണ ശബളമായി  കൊണ്ടാടി. ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലീലാകൃഷ്ണൻ സാർ ചടങ്ങ്  ഔദ്യോഗികമായി ഉദ്‌ഘടനം ചെയിതു. എല്ലാവരും ചേർന്ന് മൺ ചെരാത്  തെളിയിച്ചു. മിനിടീച്ചർ വായനയുമായി ബന്ധപ്പെട്ട അക്ഷര ശ്ലോകം ചൊല്ലി. ബിന്ദുടീച്ചർ വായനാദിന പ്രതിജ്ഞചൊല്ലിത്തന്നു.                              തുടർന്ന് നടന്ന പത്രപാരായണ മത്സരത്തിൽ അനുഗ്രഹ, ബിൻസു, മഹിത എന്നിവർ യഥാക്രമം 1, 2, 3 സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. Can vasil  രചനാ വിസ്മയം തീർത്ത്  ഉദ്‌ഘടനം ചെയ്തത് ഗീത ടീച്ചറാണ്. വായനാദിനാചരണത്തിന്റെ ഭാഗമായി 20/6/2019ന് "വർത്തമാനകാല സമൂഹത്തിൽ വായനയുടെ പ്രാധാന്യം "എന്ന വിഷയത്തിൽ പാനൽചർച്ച നടന്നു. ബഷിറിന്റെ "പൂവമ്പഴം "എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധനേടി. m

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ Teaching Practice ന് തുടക്കമായി

കൊട്ടാരക്കര ഡയറ്റിലെ അവസാനവർഷ D E d അധ്യാപകവിദ്യാർത്ഥികളുടെ ടീച്ചിങ് പ്രാക്ടിസിന് തുടക്കമായി . മികച്ച പ്രതികരണമാണ് ഓരോ വിദ്യാലയങ്ങളിൽ നിന്നും ലഭിച്ചത് . ഇളമ്പള്ളൂർ സ്കൂളിലെ വിദ്യാർഥികൾ നടത്തിയ ഹിന്ദി അസംബ്ലി അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . സുരിലി ഹിന്ദി പ്രോഗ്രാം എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര് . ഇളമ്പള്ളൂർ പഞ്ചായത്ത് വക furniture, periodic table, തുടങ്ങിയവ ഈ അസംബ്ലിയിൽ വിതരണം ചെയ്തു.  ലൈബ്രറിയിൽ വായനക്കാരുടെ എണ്ണക്കൂടുതലാണ് DVUPS  Neduvathoor ലെ അധ്യാപക വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയത് .  Lp മുതൽ up വരെയുള്ള കുട്ടികൾക്ക് തുല്യപരിഗണനയിലുള്ള ക്രമീകരണങ്ങലാണ് അവർക്ക് ലൈബ്രറിയിൽ കാണാൻ കഴിഞ്ഞത് . കുളക്കട സ്കൂളിലെ ക്ലാസ് PTA അധ്യാപക വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി . വിദ്യാർത്ഥികളിൽ നിന്നും ബഹുമാനം പിടിച്ചുപറ്റാൻ ഇന്‍ഷര്‍ട്ട്  ചെയ്താണ് ശ്രീഹരി സ്കൂളിലെത്തിയത് . സ്കൂൾ ഹൈടെക് ആയതിനാൽ പൂർണ്ണമായും ICT അധിഷ്ടിതമായ ക്ലാസ്സാണ് പടിഞ്ഞാറ്റിങ്കര സ്കൂളിലെ അധ്യാപക വിദ്യാർത്ഥികൾ നയിച്ചത് . മറ...

ജില്ലാ കലോത്സവത്തിൽ തിളങ്ങി ആതിഥേയരായ ഡയറ്റ്

കൊട്ടാരക്കര :2019-2020 വർഷത്തെ ജില്ലാതല TTI/PPTI കലോത്സവത്തിൽ 94 പോയിന്റുകളോടെ ആതിഥേയാരായ ഡയറ്റ്, കൊല്ലം. ഓവറോൾ നേടി. 94 പോയിന്റ് നേടിയ കാരാളികോണം TTI, ഡയറ്റിനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു. CFTTI കൊട്ടിയം SMTTI കരുനാഗപ്പള്ളി ഇവർ 92 പോയിന്റുകളോടെ രണ്ടാംസ്ഥാനം പങ്കിട്ടു. തുടക്കത്തിൽ പോയിന്റ് നിലയിൽ ഡയറ്റ് പിന്നിലായിരുന്നുവെങ്കിലും, പിന്നീടു നടന്ന പദ്യം ചൊല്ലൽ, പ്രഭാഷണം, ലളിതഗാനം, സംഘഗാനം എന്നിവയാണ് നിർണായകമായത്. മത്സര ഫലങ്ങൾ ഉപന്യാസരചന : സമയ. ജെ -രണ്ടാംസ്ഥാനം ലളിതഗാനം       :അശ്വതി. S. മുരളി -രണ്ടാംസ്ഥാനം സംഘഗാനം      :ഗൗരി. S. S & ടീം-രണ്ടാംസ്ഥാനം പദ്യപാരായണം       :ഗൗരി. S. S-രണ്ടാംസ്ഥാനം  പ്രഭാഷണം               :അനുഗ്രഹമേരി ബിജു - മൂന്നാംസ്ഥാനം